ഒരു പോരാട്ടവും അസാദ്ധ്യമായിരുന്നില്ല വി.എസിന്. ആ ചങ്കുറപ്പിൽ പ്രിയപ്പെട്ട സഖാവ് തിരികെ വരുമെന്നു തന്നെയായിരുന്നു കേരളം ഒന്നാകെ ആഗ്രഹിച്ചത്. അതുണ്ടായില്ല, പക്ഷേ, നൂറ്റിരണ്ടുവയസിന്റെ ചെറുപ്പത്തിൽ നിലപാടുകളും സമരങ്ങളും ജ്വലിപ്പിച്ചു നിറുത്തിയ ആ പോരാട്ടവീര്യം ഒരിക്കലും അവസാനിക്കുന്നില്ല. വി. എസ് ജനഹൃദയങ്ങളിൽ നിന്നും മടങ്ങുന്നില്ല.
കഷ്ടപ്പാടുകളും സങ്കടങ്ങളും മെനഞ്ഞെടുത്തൊരു ജീവിതമായിരുന്നു വി. എസിന്റേത്. നാലാം വയസിൽ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും മരിച്ച ബാല്യം. ആരുണ്ടിനി എന്നൊരു ചോദ്യം ആ കുഞ്ഞുമനസിനെ പൊള്ളിച്ചിരിക്കണം. എങ്കിലും മനസിലെവിടെയോ വീണൊരു കുഞ്ഞുകനൽ ആ പോരാട്ടജീവിതത്തെ മുന്നോട്ടു നയിച്ചു. സന്ധി ചെയ്യാത്തൊരു സമരജീവിതം വി. എസിന് സാധ്യമായതും അന്നുമുതലാവണം. പന്ത്രണ്ടാം വയസിൽ ജ്യേഷ്ഠൻ ഗംഗാധരനൊപ്പം അദ്ദേഹത്തിന്റെ തയ്യൽക്കടയിൽ ജോലിക്കു പോയി. സഹായിയായിട്ടായിരുന്നു തുടക്കം. നൂലും സൂചിയുമായുള്ള കൈക്കണക്കിൽ ഇടയ്ക്ക് കയ്യിൽ ചോരത്തുളളികൾ പൊടിഞ്ഞു, കൂട്ടാക്കിയില്ല. നീണ്ടുനിവർന്നു മുന്നിലുള്ളത് ജീവിതം തന്നെയാണെന്ന് അന്നുമുതലേ അറിഞ്ഞു തുടങ്ങിയിരിക്കണം. ആരുമില്ലാത്തവർക്കു വേണ്ടി എന്നും പോരാടാൻ ബലം നൽകിയതും അന്ന് ഒറ്റയ്ക്കായി പോയതിന്റെ വേദന നെഞ്ചു പൊള്ളിച്ചതു കൊണ്ടും കൂടിയാവണം.
കണ്ണേ കരളേ എന്ന് വി. എസിന്റെ നഷ്ടത്തിൽ കേരളം കരയുന്നത് ആ നേതാവ് തങ്ങളിൽ ഒരാളായതു കൊണ്ടാണ്. നീണ്ട എൺപത്തഞ്ച് വർഷങ്ങളാണ് വി. എസ് സഖാവായിരുന്നത്, മറ്റാർക്കും സാധ്യമാവാത്തത്, ചില്ലു പോലെ തെളിഞ്ഞ പൊതുജീവിതം, ജനങ്ങൾക്കിടയിൽ ഒരാളായി അലിഞ്ഞു ചേരാനുള്ള മനസ്, എന്നും കാത്തുസൂക്ഷിച്ച നീതിബോധവും മനുഷ്യത്വവും. പദവികളിലല്ല, മനുഷ്യന്റെ മനസുകളിലായിരുന്നു വി.എസിന്റെ ഉയരം. നീട്ടിയും കുറുക്കിയും താളത്തിലും പ്രാസമൊപ്പിച്ചുമുള്ള ആ ശബ്ദം അവരുടെ ഹൃദയത്തിലായിരുന്നു രേഖപ്പെടുത്തിയത്.
പതിനേഴാം വയസിൽ 1940 ലാണ് വി. എസ് പാർട്ടി അംഗമായത്. പുന്നപ്ര വയലാർ സമരത്തിനൊപ്പം നിന്നു. 1946 ഒക്ടോബർ 28 ന് പൊലീസ് പിടിയിലായപ്പോൾ കടുത്ത മർദ്ദനമാണ് നേരിടേണ്ടി വന്നത്. തോക്കിന്റെ ബയണറ്റു കൊണ്ട് ശരീരമെങ്ങും അടി കൊണ്ട, പ്രാണൻ ഒരിറ്റ് അവശേഷിച്ച ആ ശരീരം മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. അങ്ങനെയങ്ങ് അവസാനിക്കാനുള്ളതായിരുന്നില്ല ആ ജീവിതം. അതിന് പിന്നാലെയുണ്ടായ മൂന്നുവർഷത്തെ തടവുശിക്ഷ വി. എസ് എന്ന കമ്മ്യൂണിസ്റ്റിനെ തേച്ചു മിനുക്കി.
സത്യത്തിൽ ചെറുപ്പകാലം മുതൽ തടവും ഒളിവുജീവിതവുമായിരുന്നു. എന്നിട്ടും വി. എസ് കുലുങ്ങിയില്ല. ഓരോ അനുഭവങ്ങളിൽ നിന്നും കനൽ ജ്വലിച്ചുകൊണ്ടിരുന്നു. തൊണ്ണൂറ്റിയാറ് വയസ് വരെ ആ കനൽ ആളിക്കത്തിക്കൊണ്ടിരുന്നു. സമരക്കൊടിയേന്തിയുള്ള ആ യാത്രയും പോരാട്ടവും യൗവനത്തിൽ തന്നെ വി. എസിലെ പോരാട്ടനായകനെ ഉറപ്പിച്ചു. രാഷ്ട്രീയപ്രവർത്തന കാലത്ത് അഞ്ചുവർഷവും എട്ടുമാസവും ജയിൽജീവിതവും നാലരവർഷം ഒളിവുജീവിതവും ആ സഖാവ് നയിച്ചു.
കർഷകത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും കണ്ണീർജീവിതം തൊട്ടടുത്തു നിന്നും കണ്ടിട്ടുള്ള വി. എസ് തന്റെ അനുഭവങ്ങളെയെല്ലാം മുന്നോട്ടുള്ള യാത്രയുടെ ഊർജ്ജമാക്കി. കഷ്ടപ്പെടുന്നവന്റെ കൂടെയായിരുന്നു വി. എസ് എന്നും. രാഷ്ട്രീയം രാഷ്ട്രീയം എന്ന വാക്കിൽ ഒതുങ്ങിയിടത്തു നിന്നും പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ ജീവിതത്തിന്റെ സമസ്തലങ്ങളിലും വി. എസ് തന്റെ ശബ്ദം ഉയർത്തി. ഒരു കാലത്തിനിപ്പുറം കൂടുതൽ ജനമനസുകളിൽ കൂടുതൽ സ്വീകാര്യതയിലേക്ക് വി. എസ് നടന്നടുത്തതും ഈ സാർത്ഥകമായ ഇടപെടൽ കൊണ്ടാണ്. സാമൂഹികപ്രാധാന്യമുള്ള ഇടങ്ങളിലെല്ലാം വി. എസിന്റെ അഭിപ്രായത്തിനും നിലപാടുകൾക്കും ജനം കാത്തുനിന്നു തുടങ്ങിയതും ഇങ്ങനെയാണ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി.എസിന്റെ ഓഫീസ് ജനസമുദ്രമായിരുന്നു. നാടെങ്ങുമുള്ള ആളുകൾ നീതി തേടി അവിടെ എത്തി ക്ഷമയോടെ തങ്ങളുടെ നേതാവിനെ കണ്ടു, ആവലാതികൾ ബോധിപ്പിച്ചു, ആശ്വാസം കണ്ടെത്തി. ജനങ്ങൾക്ക് വേണ്ടിയായിരുന്നു പ്രതിപക്ഷ നേതാവ് എന്ന പദവി അദ്ദേഹം അണിഞ്ഞത്. ഒട്ടേറെ ഇടപെടലുകൾ സഭയിൽ നടത്തി. നിയമനിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം പ്രവർത്തിക്കാൻ കൂടി ഉള്ളതാണെന്ന് അദ്ദേഹം കാട്ടി കൊടുത്തു.
മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ, പാർട്ടിയും മുന്നണിയും സ്വീകരിച്ച നയങ്ങൾ നടപ്പാക്കി കേരളത്തെ മുന്നോട്ടു നയിച്ചു. എല്ലാ പ്രതിസന്ധികളിൽ നിന്നും സർക്കാരിനെ കാവലാൾ ആയി മുന്നിൽ നിന്നും നയിച്ചു.
സി.പി.എമ്മിനു പിറവി നൽകിയവരിൽ കേരളത്തിലുണ്ടായിരുന്ന അവസാന ആളാണ് വി എസ്. പാർട്ടി ജയിക്കുമ്പോൾ വി എസും വിഎസ് ജയിക്കുമ്പോൾ പാർട്ടിയും തോറ്റതുൾപ്പെടെ, പാർട്ടിയ്ക്ക് അകത്തും ഒട്ടേറെ ദുരനുഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള നിലപാടുകൾ കൊണ്ട് വി.എസ് അതെല്ലാം ചോദ്യം ചെയ്തു. രാഷ്ട്രീയത്തെ പരിസ്ഥിതിയുമായി ചേർത്ത വി.എസ് മഴയിലും വെയിലിലും മഞ്ഞിലും മനുഷ്യർക്കൊപ്പം മണ്ണിലും മലയിലും ചങ്കുറപ്പോടെ കയറി ഇറങ്ങി. ആരെയും കൂസലാക്കിയില്ല. കുട്ടികൾക്കും യുവാക്കൾക്കും പ്രായമായവർക്കും അവരിൽ ഒരാളായിരുന്നു വി എസ്. മനുഷ്യർക്കിടയിൽ അദ്ദേഹം അതിരുകൾ വെച്ചില്ല. ജനങ്ങൾക്കൊപ്പമായിരുന്നു പ്രിയ സഖാവ് ഒഴുകി നീങ്ങിയത്.. ഒട്ടേറെ അനിശ്ചിതത്വങ്ങൾക്ക് ശേഷം വി എസ് മുഖ്യമന്ത്രിയാകുമ്പോൾ കന്റോൺമെന്റ് ഹൗസിൽ മനുഷ്യ കടലായിരുന്നു, നേതാക്കളെക്കാൾ കൂടുതൽ ജനങ്ങളായിരുന്നു, സാധാരണക്കാരായിരുന്നു. വി.എസ്, മടങ്ങുമ്പോൾ ഒരു നിശ്ചലതയാണ് ബാക്കിയാവുന്നത്. നീതികേടിനെ ചോദ്യം ചെയ്യാൻ ആരുണ്ട് കൂടെ എന്ന് ഏറ്റവും സാധാരണക്കാരുടെ മനസ്സിൽ ചോദ്യമുയർന്നേക്കും.. അതായിരുന്നു വി.എസ് എന്ന സഖാവ്!