കൊവിഡ് കാലത്ത് വീട്ടിൽ അടച്ചുപൂട്ടി ഇരുന്നപ്പോൾ ഒരു പതിനേഴുകാരന്റെ മനസ്സിൽ തോന്നിയ ഒരു ചെറിയ ആശയം ഇന്ന് എത്തി നിൽക്കുന്നത് നാല് ജോലിക്കാരുമായി ഗ്രീൻ ലവർ സ്റ്റോർ എന്ന എക്കോ ഫ്രണ്ട്ലി ഉത്പന്നങ്ങളുടെ വിജയകരമായ സംരംഭത്തിൽ. ആഗ്രഹത്തിനൊപ്പം കഠിനാധ്വാനം ചെയ്യാനുള്ള മനസ്സാണ് പഠനത്തോടൊപ്പം തന്റെ സംരംഭവും വിജയകരമായി കൊണ്ടുപോകാൻ ആകാശ് എന്ന 20കാരനെ സഹായിക്കുന്നത്. ഒരു കൊച്ചു ആശയം സംരംഭത്തിലേക്ക് നയിച്ച ആകാശിന്റെ വിജയകഥ അറിയാം.
ആശയം വന്ന വഴിയും
അമ്മ നൽകിയ പണവും
2020ൽ കൊവിഡ് കത്തിനിൽക്കുകയും ലോകം മുഴുവൻ അടച്ചിടുകയും ചെയ്ത കാലത്താണ് ആകാശിന് വെറുതെ ഇരിക്കാതെ എന്തെങ്കിലും ചെയ്താലോ എന്ന ചിന്ത വരുന്നത്. കൃഷിയോട് താൽപര്യമുണ്ടായിരുന്ന ആകാശ് തന്റെ കൃഷിയെ ആളുകൾക്ക് പരിചയപ്പെടുത്താനും മറ്റുമായി
ഗ്രീൻ ലവർ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലിന് തുടക്കമിട്ടു. എങ്കിലും, കൃഷിയ്ക്ക് പുറത്തേക്ക് എന്തെങ്കിലും വരുമാനം കണ്ടെത്തണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു അവന്. സോഷ്യൽമീഡിയയിലൂടെ ആളുകൾ തങ്ങളുടെ ജീവിതമാർഗ്ഗം കണ്ടെത്തുന്നത് പലപ്പോഴും ആകാശിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ, സ്വന്തമായി എന്തെങ്കിലും ആരംഭിക്കുകയാണെങ്കിൽ വേറിട്ട ആശയമാകണം തന്റേതെന്ന് നിർബന്ധമുണ്ടായിരുന്നു. മണ്ണിനോടും പ്രകൃതിയോടും ഇഷ്ടം കൂടുതലുള്ളതിനാൽ പ്രകൃതിയ്ക്ക് ഇണങ്ങുന്നതാവണം ചെയ്യുന്നതെന്തും എന്നും ഉറപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് എക്കോഫ്രണ്ട്ലി ഉത്പന്നം ആരംഭിച്ചുകൂടാ എന്നായി ചിന്ത. ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് ഉത്പന്നത്തിന് പകരം നിൽക്കുന്നതെന്താകും എന്ന് പല്ല് തേയ്ക്കുമ്പോൾ വന്ന ആലോചന ടൂത്ത്ബ്രഷിലേക്ക് എത്തി. അതിലുള്ള അന്വേഷണം ചെന്നെത്തിയത് പ്രകൃതിയോട് ഇണങ്ങിയുള്ള ബാംബു ടൂത്ത് ബ്രഷിൽ. കേരളത്തിലെവിടെയും ആരും ഇങ്ങനെ ഉത്പന്നം വിൽക്കുന്നില്ല എന്ന് മനസ്സിലാക്കി. ഉത്പന്നം എവിടെ കിട്ടുമെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിലും പിന്മാറാൻ ആകാശ് തയ്യാറായില്ല. സോഷ്യൽമീഡിയയിലൂടെ തന്നെ അന്വേഷിച്ച് ഡൽഹിയിൽ ഇത്തരം ഉത്പന്നം ഹോൾസെയിൽ ആയി വിൽക്കുന്ന ആൾക്കാരുണ്ടെന്ന് മനസ്സിലാക്കി. അങ്ങനെ അവരുമായി സംസാരിച്ചു. 2000 രൂപ ഉണ്ടെങ്കിൽ ഉത്പന്നം തരാമെന്ന് അവർ അറിയിച്ചു. എന്നാൽ, പതിനേഴുകാരന്റെ കയ്യിലെവിടെ 2000. അങ്ങനെ ആദ്യമായി തന്റെ മനസ്സിലുള്ള ആഗ്രഹം അമ്മയോട് ആകാശ് പങ്കുവച്ചു. വീട്ടിലടച്ച് പൂട്ടി ഇരുന്ന് മകൻ മടിയനാകേണ്ടെന്ന് കരുതിയാവണം അമ്മ ആ പണം നൽകി. ഗൂഗിൾ പേ വഴി പണം അവർക്ക് അയച്ചുകൊടുത്തതിന് ശേഷം ഒരു പരിചയവുമില്ലാത്തവർക്ക് 2000 രൂപ അയച്ചുകൊടുത്തത് മണ്ടത്തരമായോ എന്ന് ആകാശിന് ആശങ്കയായി. എന്നാൽ, ആശങ്കകളെല്ലാം അസ്ഥാനത്താക്കി ബ്രഷുകൾ വീട്ടിലെത്തി.
അതിന് ശേഷമാണ് യഥാർത്ഥ പ്രശ്നത്തെ അഭിമുഖീകരിച്ചതെന്ന് പറയുന്നു ആകാശ്. 10 രൂപയ്ക്ക് പ്ലാസ്റ്റിക് ബ്രഷ് കിട്ടുന്നിടത്ത് 50 രൂപയ്ക്ക് തന്റെ ബ്രഷ് ആളുകൾ സ്വീകരിക്കാൻ മടിച്ചു. വായിൽ മുറിവ് പറ്റുമോ അണുബാധ വരുമോ എന്നൊക്കെയായിരുന്നു ബ്രഷ് പരിചയപ്പെടുത്തിയവരുടെയൊക്കെ പേടി. ഇതിന്റെ ഗുണങ്ങൾ ആളുകളിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ആകാശ് മനസ്സിലാക്കി. അവിടെയും തുണയായത് സോഷ്യൽമീഡിയ ആണ്. റീലുകളിലൂടെയും വീഡിയോകളിലൂടെയും കൂടുതൽ ആളുകളിലേക്ക് ഇത് എത്തിത്തുടങ്ങി. ഫേസ്ബുക്കിലെ മാർക്കറ്റ് പ്ലേസിൽ ടൂത്ത്ബ്രഷിന്റെ ചിത്രം പങ്കുവച്ചതോടെ ആളുകൾ ആവശ്യപ്പെട്ട് എത്തിത്തുടങ്ങി. അങ്ങനെ ഓൺലൈൻ കച്ചവടത്തിന് ആരംഭവുമായി. രണ്ടുമാസങ്ങൾക്കുള്ളിൽ കയ്യിലുള്ള ബ്രഷുകളെല്ലാം തീർന്നു. അമ്മയോട് വാങ്ങിയ മുടക്കുമുതൽ തിരിച്ചു കൊടുക്കുക മാത്രമല്ല, 5000 രൂപ ആദ്യലാഭമായി കയ്യിലെത്തുകയും ചെയ്തു. ചെയ്തത് ലാഭകരമാണെന്ന് കണ്ടപ്പോൾ ഇത് തുടരാൻ തന്നെയായിരുന്നു ആകാശിന്റെ തീരുമാനം. ലാഭമായി കിട്ടിയ 5000 രൂപ വീണ്ടും ബ്രഷുകൾ വാങ്ങുന്നതിലേക്ക് തന്നെ നിക്ഷേപിക്കുകയും പതിയെ കൂടുതൽ ആവശ്യക്കാരിലേക്ക് എത്തുകയും ചെയ്തു. ഇന്നിപ്പോൾ നാല് ജോലിയ്ക്കാരുടെ ശമ്പളവും മറ്റു ചെലവുകളും കഴിഞ്ഞ് മാസം 60000 രൂപ ലാഭത്തിലേക്ക് ആകാശിന്റെ ബിസിനസ് എത്തി നിൽക്കുന്നു.
ടൂത്ത്ബ്രഷ് തുടക്കം മാത്രം
ഇന്ന് അഞ്ച് ഉത്പന്നങ്ങൾ
ഡൽഹിയിൽ നിന്ന് എത്തിക്കുന്ന ടൂത്ത്ബ്രഷുകൾ ആവശ്യക്കാർക്ക് നൽകുകയായിരുന്നു ആദ്യം ചെയ്തത്. എന്നാൽ, മറ്റു ഉത്പന്നങ്ങൾ വിപണിയിലിറക്കുമ്പോൾ തങ്ങളുടെത് ആണെന്ന് തിരിച്ചറിയാൻ ബ്രാൻഡിംഗ് സഹായിക്കുമെന്ന് ആകാശ് മനസ്സിലാക്കി. പച്ചപ്പിനെ സ്നേഹിച്ചപ്പോഴാണ് ഗ്രീൻ ലവർ എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയത്. പ്രകൃതിയെ സ്നേഹിക്കുന്നവർ തന്നെയാണ് തങ്ങളുടെ ഉത്പന്നങ്ങളുടെയും ആവശ്യക്കാർ. അവർക്കും തനിക്കും ഗ്രീൻ ലവർ എന്ന പേര് എന്തുകൊണ്ടും ചേരുമെന്ന് ആകാശ് ഉറപ്പിച്ചു. ഒരുപാട് ഉത്പന്നങ്ങൾ ഇറക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നതിനാൽ ഗ്രീൻ ലവർ സ്റ്റോർ എന്ന് പേരിട്ടു. നിലവിൽ അഞ്ച് ഉത്പന്നങ്ങൾ ഗ്രീൻ ലവർ സ്റ്റോറിൽ നിന്ന് പുറത്തിറങ്ങുന്നു. ബാംബു ബ്രഷിന് പുറമെ തലമുടി ചീകാൻ പ്ലാസ്റ്റിക് ചീപ്പിന് പകരം മരത്തടിയിൽ നിർമ്മിച്ച വുഡൻ കോംബ്, ഇയർ ബഡ്സിലെ പ്ലാസ്റ്റിക് കോലിന് പകരം മുളന്തണ്ടിൽ നിർമ്മിച്ച ഇയർ ബഡ്സ്, വിത്ത് ഒളിപ്പിച്ച സീഡ് പേപ്പർ പെൻസിൽ, വെള്ളം നിറയ്ക്കാൻ ബാംബൂ ബോട്ടിൽ എന്നിവയാണ് അവ. കൽക്കട്ടയിൽ ഒരു സ്ഥാപനവുമായി സഹകരിച്ച് ഉപയോഗം കഴിഞ്ഞ ന്യൂസ് പേപ്പറുകൾ ശേഖരിച്ച് പൾപ്പാക്കി കംപ്രസ് ചെയ്ത് പേപ്പർ പെൻസിൽ ഗ്രീൻ ലവർ സ്റ്റോർ ബ്രാൻഡിനായി നിർമ്മിച്ചെടുക്കുകയാണ് നിലവിൽ. അകത്ത് സ്റ്റീലും പുറമെ ബാംബൂ കോട്ടിംഗുമുള്ള വെള്ളക്കുപ്പികൾക്കും ആവശ്യക്കാർ നിരവധിയാണ്. പ്രകൃത്യാ അണുനാശിനിയാണ് മുള. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിൽ നിറയ്ക്കുന്ന വെള്ളത്തിനുണ്ടാകുന്ന ദോഷങ്ങൾ ഈ കുപ്പികൾക്ക് ഉണ്ടാവില്ലെന്ന് ഉറപ്പ് പറയുന്നു ആകാശ്.
പത്തനംതിട്ട പന്തളം കുളനട സ്വദേശിയാണ് ആകാശ്. പഠനം പ്രധാനമായി കാണുന്നതു കൊണ്ട് ഗുജറാത്ത് പാരൽ യൂണിവേഴ്സിറ്റിയിൽ ബിഎസ്‍സി അഗ്രികൾച്ചർ മൂന്നാംവർഷ വിദ്യാർത്ഥി ആണ് ആകാശ്. ഇതിന് ശേഷം എംബിഎ കൂടി പൂർത്തിയാക്കി മുഴുവൻ സമയം തന്റെ ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആഗ്രഹം. നിലവിൽ ഓൺലൈൻ കച്ചവടമാണ്. ഒരു വർഷത്തിനുള്ളിൽ കടകളിലേക്കും തന്റെ ഉത്പന്നങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ആകാശ്. സൗദിയിൽ ജോലി ചെയ്യുന്ന അച്ഛൻ അഖിലേഷും വീട്ടമ്മയായ അമ്മ ബിജിയും അനുജൻ ആഷിഖുമെല്ലാം പൂർണ്ണപിന്തുണയുമായി ആകാശിനൊപ്പമുണ്ട്.