മലയാളികളുടെ പ്രിയതാരം തമിഴ് സിനിമയിലെ അതുല്യ നടൻ വിക്രമിന്റെ അടുത്ത ചിത്രത്തിൽ നടനും സംവിധായകനുമായ എസ്.ജെ സൂര്യയും ഒന്നിക്കുന്നു. അടുത്തിടെ സൂപ്പർഹിറ്റായ ചിത്തയുടെ സംവിധായകൻ എസ്. യു. അരുൺകുമാറാണ് ചിയാൻ 62 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന വിക്രം ചിത്രം സംവിധാനം ചെയ്യുക. അഭിനയരാക്ഷസൻ എന്ന് പേരെടുത്ത എസ്.ജെ സൂര്യ വിക്രമിന്റെ ചിത്രത്തിൽ വില്ലനായാണോ എത്തുക എന്ന കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ. വിക്രമും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിയാൻ 62 വിന് ഉണ്ട്.
ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് വീഡിയോ ടീസറിനു വൻ വരവേൽപ്പാണ് ലഭിച്ചത്. സാധാരണക്കാരനായ കുടുംബസ്ഥന്റെ വേഷത്തിൽ പൊലീസ് സ്റ്റേഷനിൽ അക്രമികൾക്കെതിരെ പോരാടുന്ന വിക്രത്തിനെയാണ് ടീസറിൽ കാണിച്ചത്. ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് ടീസർ കണ്ടിട്ടുള്ളത്.
വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിർമ്മാണ കമ്പനിയായ എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് നിർമ്മിക്കുന്നത്. പൊന്നിയൻ സെൽവൻ, കോബ്രാ എന്നീ ചിത്രങ്ങൾക്ക് ശേഷം ആരാധകർ ചിയാൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന വിക്രം പുതിയ ചിത്രത്തിൽ തങ്ങൾക്കായി എന്താണ് ഒരുക്കുന്നതെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. പനിയാരും പത്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അരുൺകുമാറിന്റെ ചിത്ത സിനിമയുടെ വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിയാൻ-62 വിനും പ്രതീക്ഷകളേറുകയാണ്.