പൂവൻ കോഴി സാക്ഷിയായ കേസ് സിനിമയായി ഒരുങ്ങുന്നു. അജു വർഗീസ് നായകനാവുന്ന ഈ കോമഡി ഇൻവെസ്റ്റിഗേഷൻ- ബഡ്ഡി കോപ്പ് ചിത്രം ഒരുങ്ങുന്നത് 1993 ൽ കാസർഗോഡ് ബദിയടുക്ക ദേവലോകത്ത് നടന്ന കൊലപാതകത്തെ ആസ്പദമാക്കിയാണ്. പൂവൻ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. ദേവലോകത്തെ കർഷകനായ ശ്രീകൃഷ്ണ ഭട്ടിനെയും ഭാര്യയേയും കൊലപ്പെടുത്തിയ സംഭവത്തിൽ ദുർമന്ത്രവാദിക്കെതിരെ സാക്ഷിയായി സംഭവസ്ഥലത്തുണ്ടായത് അയാളുടെ കയ്യിലെ കോഴി മാത്രം. കോഴി സാക്ഷിപ്പട്ടികയിൽപ്പെടുകയും പൊലീസ് അതിനെ മൂന്ന് മാസത്തോളം സ്റ്റേഷനിൽ വളർത്തുകയും ചെയ്തു. ആ സംഭവത്തെ ആസ്പദമാക്കി "ടേക്ക് ഓഫ്"എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ പി വി ഷാജികുമാർ എഴുതിയ "സാക്ഷി " എന്ന കഥയാണ് ഇപ്പോൾ സിനിമയാക്കുന്നത്. കാസർഗോഡ് മംഗലാപുരം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റായ രാഹുൽ ആർ. ശർമ്മ സംവിധാനം ചെയ്യും.