ആരും ചെരുപ്പിടാതെ നടക്കുന്ന നാട്ടിൽ ചെരുപ്പ് വിൽക്കാനിറങ്ങിയ രണ്ടാളുകളുടെ കഥയുണ്ട്. അതിൽ ഒരാൾ അവിടെ കച്ചവടം നടക്കില്ലെന്നുറപ്പിച്ചപ്പോൾ മറ്റേയാൾ ചെരുപ്പ് കച്ചവടത്തിന് 100 ശതമാനം സാധ്യതയാണ് കണ്ടത്. ആ കഥയിലെ രണ്ടാമനെ പോലൊരു പെൺകുട്ടിയുണ്ട്, കൊച്ചിയിൽ. കൊച്ചി നഗരത്തിലെ ആദ്യത്തെ ഷൂ വാഷ് കമ്പനിയുടമ, കൃഷ്ണ. സ്വന്തമായി എന്തെങ്കിലും വരുമാനം കണ്ടെത്തി ജീവിതം മെച്ചപ്പെടുത്തണമെന്ന് സ്വപ്നം കാണുക മാത്രമല്ല, ആ ലക്ഷ്യം കൈവരിച്ചിരിക്കുകയുമാണ് ഈ ഇരുപത്തിയാറുകാരി. വിജയത്തിലേക്കുള്ള കൃഷ്ണയുടെ യാത്ര അറിയാം.
ഫോർട്ടുകൊച്ചി ആണ് കൃഷ്ണയുടെ സ്വദേശം. മാതാപിതാക്കൾ വിദേശത്ത് ജോലിതേടി പോയപ്പോൾ ബന്ധുവിന്റെ വീട്ടിലായിരുന്നു കൃഷ്ണയും സഹോദരനും ജീവിച്ചത്. കൃഷ്ണയുടെ പതിമൂന്നാംവയസിൽ സഹോദരൻ മരണപ്പെട്ടതോടെ ജീവിതം ഏറെക്കുറേ ഒറ്റപ്പെട്ടതു പോലെയായി. ബന്ധുവീട്ടിൽ നിന്ന് മാറി ബോർഡിംഗുകളിലും ഹോസ്റ്റലുകളിലുമാക്കി പിന്നീട് ജീവിതം. വരയ്ക്കാൻ ഇഷ്ടമായതിനാൽ ഇന്റീരിയർ ഡിസൈനിംഗ് പഠിച്ചുവെങ്കിലും വിചാരിച്ചത്ര എളുപ്പമല്ല അതിൽ കരിയർ ഉണ്ടാക്കിയെടുക്കുക എന്നത് കൃഷ്ണ തിരിച്ചറിഞ്ഞു. കൂട്ടുകാർക്ക് എടുത്തു കൊടുക്കുന്ന ഫോട്ടോകളിലെ ഫ്രെയിമിംഗ് നല്ലതാണെന്ന് അവർ അഭിനന്ദിച്ചപ്പോൾ ഫോട്ടോഗ്രഫിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിവാഹ ഫോട്ടോഷൂട്ടുകൾക്കും മറ്റും അസിസ്റ്റന്റ് ആയി പോയിത്തുടങ്ങി. ക്യാമറകളോട് ഇഷ്ടം തോന്നിയപ്പോൾ ഒരു ക്യാമറാഷോപ്പിൽ ജോലിയ്ക്ക് കയറി. അവിടെ പ്രമോട്ടറായി തുടക്കമിട്ടു. അങ്ങനെ എല്ലാ ക്യാമറകളും ഉപയോഗിക്കാൻ പഠിച്ചു. പിന്നീട് അവിടെത്തന്നെ മാർക്കറ്റിംഗിലേക്ക് ചുവടുമാറി. വ്ലോഗിംഗും റിവ്യൂസും ഒക്കെ ചെയ്യാൻ തുടങ്ങി. എങ്കിലും ശമ്പളം കൊണ്ടുമാത്രം ജീവിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന മോഹം വന്നത്. എങ്കിലും സാമ്പത്തികം വലിയ വിലങ്ങുതടിയായി. അപ്പോഴാണ് ഒരു സുഹൃത്ത് പിന്തുണയുമായി എത്തിയത്. നല്ല ആശയമുണ്ടെങ്കിൽ ബിസിനസ് തുടങ്ങാൻ സഹായിക്കാമെന്ന് ആ സുഹൃത്ത് ഉറപ്പുപറഞ്ഞു.
ഹിദയുടെ പിറവി
എന്ത് ബിസിനസ് തുടങ്ങും എന്ന് ചിന്തിച്ചപ്പോഴാണ് തന്റെ ഷൂ റാക്കിലേക്ക് കൃഷ്ണയുടെ കണ്ണ് പതിഞ്ഞത്. കൊച്ചിയിൽ വസ്ത്രങ്ങൾക്കായി ഡ്രൈക്ളീനിംഗിന് കടകൾ ഏറെയുണ്ടെങ്കിലും ഷൂ കഴുകാൻ ഒരിടം പോലും കണ്ടിട്ടില്ലെന്ന് കൃഷ്ണ ഓർത്തെടുത്തു. തന്റെ ഷൂ ഒക്കെ എപ്പോഴും വൃത്തിയാക്കി നടക്കുമെങ്കിലും അത് ചെയ്യാൻ മടിയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ളതും ഓർത്തപ്പോൾ ബിസിനസിന് അത് തന്നെ ആശയമാക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ അതേക്കുറിച്ച് കൂടുതൽ പഠിച്ച് ആവശ്യത്തിന് വിവരങ്ങളുമായി സുഹൃത്തിനെ സമീപിച്ചു. ആദ്യം ആശയം വിജയിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും കൂടെ നിൽക്കാമെന്ന് അദ്ദേഹം ധൈര്യം പകർന്നു. വീട്ടുകാർ തന്റെ ആശയത്തോട് മുഖം തിരിച്ചപ്പോൾ ആ സുഹൃത്ത് നൽകിയ ധൈര്യം അണയാത്ത കൈത്തിരിയായി എന്ന് കൃഷ്ണ പറയുന്നു.
പിന്നീട് മാസങ്ങളോളം നീണ്ട പഠനങ്ങളും തയ്യാറെടുപ്പുകളും. ഷൂ കഴുകാൻ പറ്റിയ ലിക്വിഡ്, മെഷീനുകൾ ഒക്കെ തേടിയുള്ള അലച്ചിലായി. സ്വന്തം ഷൂവും കൂട്ടുകാരുടെ ഷൂവുമെല്ലാം വാങ്ങി പരീക്ഷണം തുടങ്ങി. വാങ്ങിയതിൽ ഓർഗാനിക്കായ രണ്ട് ലിക്വിഡുകൾ കൂടിച്ചേരുമ്പോഴാണ് ഏറ്റവും മികച്ച ഫലം കിട്ടുന്നതെന്ന് കണ്ടെത്തി. പറ്റിയ മെഷീൻ കണ്ടെത്തി. അങ്ങനെ, എറണാകുളം പാലാരിവട്ടം പാടിവട്ടത്ത് കൊച്ചിയിലെ ആദ്യത്തെ ഷൂ വാഷ് കമ്പനിയ്ക്ക് തുടക്കമായി. കമ്പനിയുടെ സൈലന്റ് പാർട്ണറായ സുഹൃത്താണ് ഹിദ എന്ന പേര് നിർദ്ദേശിച്ചത്. അറബിക്കിൽ ഹിദ എന്ന വാക്കിന്റെ അർത്ഥം ചെരുപ്പ് എന്നും ഹിദ എന്ന പേരിന്റെ അർത്ഥം ദൈവത്തിന്റെ സമ്മാനം എന്നുമാണ്. അത് കേട്ടപ്പോൾ പേര് ഉറപ്പിക്കാൻ കൃഷ്ണയ്ക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഷൂ ഷൈനി എന്ന് ഹിദയോടൊപ്പം കൃഷ്ണ കൂട്ടിച്ചേർത്തു. അങ്ങനെ ഹിദ ഷൂ ഷൈനി എന്ന കമ്പനി പിറന്നു. വിനു എന്ന കൃഷ്ണയുടെ സുഹൃത്താണ് ആദ്യത്തെ കസ്റ്റമറായത്. 200 രൂപയാണ് ആദ്യ വരുമാനം. തുടർന്ന്, സുഹൃത്തുക്കളൊക്കെ പതിയെ കസ്റ്റമേഴ്സ് ആകാൻ തുടങ്ങി.
ഹിറ്റാക്കിയത് ഇൻസ്റ്റഗ്രാം
ഇൻസ്റ്റഗ്രാമിലിട്ട ഒരു വീഡിയോ ആണ് തലവര മാറ്റിയതെന്ന് കൃഷ്ണ പറയുന്നു. ഷൂ വാഷിനെ കുറിച്ചുള്ള ഒരു വീഡിയോ ലക്ഷക്കണക്കിന് പേർ കണ്ടതോടെ വയനാട്ടിൽ നിന്നും മലപ്പുറത്ത് നിന്നുമൊക്കെ ഷൂ പാർസലായും ഹിദയിലേക്ക് വരാൻ തുടങ്ങി. മാത്രവുമല്ല, ആ വീഡിയോയിലെ ശബ്ദവും ശ്രദ്ധിക്കപ്പെട്ടു. അത് ചില ഡബ്ബിംഗ് അവസരങ്ങളും കൃഷ്ണയ്ക്ക് ഒരുക്കിക്കൊടുത്തു. ഇപ്പോൾ ഹിദയ്ക്ക് സ്ഥിരം കസ്റ്റമേഴ്സുണ്ട്. അതിൽ ഇപ്പോഴത്തെ യുവതാരം നസ്ലിനും മെറീന മൈക്കിളും ഉൾപ്പെടെയുള്ള സിനിമാതാരങ്ങളുമുണ്ട്. ഷൂ ക്ലീനിംഗ് കൂടാതെ ഷൂ പോളിഷിംഗും ചെറിയ ആക്സസറീസും ഹിദ നൽകുന്നുണ്ട്.
ഷൂ നിർമ്മിച്ചിരിക്കുന്ന മെറ്റീരിയലിന് അനുസരിച്ചാണ് ക്ലീനിംഗ് രീതിയും തിരഞ്ഞെടുക്കുന്നത്. കൂടുതലും കൈവച്ച് തന്നെ കഴുകാനാണ് കൃഷ്ണ താൽപര്യപ്പെടുന്നത്. കാൻവാസ് ഒഴികെ മറ്റെല്ലാ ഷൂകളും ഇവിടെ കഴുകിക്കൊടുക്കും. സേവനങ്ങൾക്ക് 250 രൂപയിലാണ് തുടക്കം. ഒമ്പതുമാസം മുമ്പ് തുടക്കമിട്ട സംരംഭം ഇപ്പോൾ മാസം ഒരു ലക്ഷത്തിലേറെ രൂപ സമ്പാദിക്കുന്നതിലേക്ക് വന്നെത്തി നിൽക്കുന്നു. നിലവിൽ 5 പേരാണ് ഹിദയിലെ ജോലിക്കാർ. വൈപ്പിനിലും തിരുവല്ലയിലും ശാഖകളിടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കൃഷ്ണ. വിദേശരാജ്യങ്ങളിൽ നിന്നും ഫ്രൈഞ്ചൈസി ചെയ്യാൻ താൽപര്യപ്പെട്ട് ആളുകൾ അന്വേഷിക്കുന്നുണ്ട്. അതിന്റെ സാദ്ധ്യതകളും അന്വേഷിക്കുകയാണ് കൃഷ്ണയിപ്പോൾ.