ചുരുളൻ മുടിയും വിടർന്ന ചിരിയുമായി കൈയ്യിൽ ക്രിക്കറ്റ് ബാറ്റേന്തി നിൽക്കുന്ന കുഞ്ഞുചെക്കൻ! വിശേഷണം കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുക ക്രിക്കറ്റിന്റെ ദൈവം എന്ന് ആരാധകർ വിളിക്കുന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ കുട്ടിക്കാലത്തെ ഫോട്ടോ ആകും. കുഞ്ഞുസച്ചിന്റെ അതേ രൂപസാദൃശ്യവുമായി ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഒരു കൊച്ചുമിടുക്കൻ. ഐവിൻ ആദം എന്ന നാലുവയസുകാരന്റെ ഫോട്ടോ കണ്ടാൽ കുഞ്ഞുസച്ചിന്റെ ഫോട്ടോ പുത്തൻ ടെക്നോളജിയിൽ പരിഷ്കരിച്ചതാണെന്നേ ഒറ്റനോട്ടത്തിൽ തോന്നൂ. അതേ ചുരുളൻ മുടിയും വിടർന്ന ചിരിയും ഒപ്പം കയ്യിൽ ക്രിക്കറ്റ് ബാറ്റും. കോഴിക്കോട് സ്വദേശികളായ അൻഫലിന്റെയും ജിനുവിന്റെയും ഇളയമകനാണ് ഐവിൻ ആദം.
കോഴിക്കോട് ലിറ്റിൽ കിംഗ്സ് ആംഗ്ളോ ഇന്ത്യൻ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് ഐവിൻ. ചുരുളൻ മുടിക്കാരനായ ഐവിനെ ആദ്യം കാണുന്നവർ പോലും കുട്ടിസച്ചിനുമായുള്ള രൂപസാദൃശ്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് അതുപോലൊരു ഫോട്ടോ എടുത്താലോ എന്ന ചിന്ത മാതാപിതാക്കൾക്ക് വന്നത്. ഫോട്ടോ എടുത്തപ്പോഴാകട്ടെ കണ്ടവരെല്ലാം അമ്പരന്നുപോകുന്ന സാദൃശ്യം. കുഞ്ഞായിരുന്നപ്പോൾ മുതൽ ക്രിക്കറ്റ് ബാറ്റിനോടാണ് ഐവിനും പ്രിയമെന്ന് അമ്മ ജിനു പറയുന്നു. സച്ചിൻ ടെണ്ടുൽക്കറിന്റെ ഫോട്ടോ എവിടെ കണ്ടാലും തിരിച്ചറിയുകയും ചെയ്യും ഈ കുഞ്ഞുമിടുക്കൻ. ചേട്ടന്മാരായ ഇഹാൻ അബ്ദു, ഇസാം അബ്ദു എന്നിവരാണ് ക്രിക്കറ്റ് കളിക്കാൻ കോഴിക്കോട് മലാപ്പറമ്പ് ഗുഡ് എർത്ത് വാക്ക് ഓൺ ദ ക്ലൗഡ് ഫ്ലാറ്റിൽ ഐവിന് കൂട്ട്.
ക്രിക്കറ്റിനോട് മാത്രമല്ല, അഭിനയത്തിനോടും ഒരുപൊടിക്ക് ഇഷ്ടക്കൂടുതലുണ്ട് കുഞ്ഞ്ഐവിന്. സിനിമയിലും ടിവിയിലുമൊക്കെ കാണുന്ന പ്രിയതാരങ്ങളെ അഭിനയിച്ചു കാണിക്കുന്നത് ഐവിന്റെ പ്രിയവിനോദങ്ങളിലൊന്നാണ്. എൺവയർമെന്റൽ കൺസൾട്ടസിയും വാട്ടർ അനാലിറ്റിക്കൽ ലബോറട്ടിയുമായ പ്യുർ സൊല്യൂഷൻസിന്റെ ഉടമയായ അൻഫലും ഭാര്യ ജിനുവും മകന്റെ ഏത് ഇഷ്ടത്തിനും ഒപ്പമുണ്ട്.