×
നോ പറയാൻ പഠിച്ചു, താരപരിവേഷം വേണ്ട: ഇന്ദ്രൻസ്

ഇന്ദ്രൻസ്, ഈ പേരിന് മലയാളികൾക്കിടയിൽ സൗമ്യത എന്നാണ് അർത്ഥം. ആ അർത്ഥത്തിന് ഒരേയൊരു മുഖവും. മലയാളികളുടെ ആ പ്രിയനടൻ കൈനിറയെ ചിത്രങ്ങളുമായി മുന്നോട്ടുള്ള യാത്രയിലാണ്. തിരക്കിട്ട അഭിനയജീവിതത്തിനിടയിലും തന്റെ മനസ്സിലുള്ള മറ്റൊരു ആഗ്രഹം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. പാതിവഴിയിൽ നിന്നുപോയ തന്റെ വിദ്യാഭ്യാസം തുടരാനുള്ള ശ്രമത്തിന് പത്താംക്ളാസ് തുല്യതാപഠനത്തിന് ചേർന്ന് തുടക്കമിട്ടിരിക്കുകയാണ് ഇന്ദ്രൻസ്. പഠനത്തെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും ഇന്ദ്രൻസ് മ്യൂസുമായി സംസാരിക്കുന്നു.


പത്താംക്ളാസ് പഠനം എങ്ങനെ പോകുന്നു?

സമയം കിട്ടുന്നതിന് അനുസരിച്ച് പഠനം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. മോനും മോളുമൊക്കെ പുസ്തകങ്ങൾ സംഘടിപ്പിച്ചു തരും. ഇംഗ്ളീഷും ഹിന്ദിയുമാണ് പ്രശ്നക്കാർ. ആ ഭാഷകൾ അത്ര അറിയില്ലല്ലോ. സ്കൂളിൽ അത് തുടങ്ങുന്നതിന് മുമ്പ് എന്റെ പഠിത്തം അവസാനിച്ചില്ലേ. അതാണ് പ്രശ്നമാകുന്നത്. കണക്കൊന്നും അത്ര വലിയ പ്രശ്നമില്ല. വായന ഒക്കെ ഉണ്ടെങ്കിലും പഠിത്തത്തിന്റെ ചിട്ടയും ചട്ടക്കൂടുമൊക്കെ വേറെയല്ലേ. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് മോശമാകാനും പാടില്ലല്ലോ. തിരക്കൊക്കെ കഴിഞ്ഞ് പഠിക്കാം എന്ന് വിചാരിച്ച്, ധൃതി കാണിക്കാതെ വൈകിച്ചതാണ്. ആരും അറിയാതെ പഠിച്ചിറങ്ങണമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ, എല്ലാവരും അറിഞ്ഞു. 


പുതിയ സിനിമകളിൽ ഇന്ദ്രൻസ് എന്ന നടൻ അവിഭാജ്യഘടകമായിട്ടുണ്ട്. അവാർഡിന് ശേഷം വേഷങ്ങൾ കൂടിയോ?

അവാർഡിന് ശേഷം സിനിമകൾ കുറഞ്ഞിട്ടില്ല. വിളിക്കുന്ന ആളുകളിൽ വ്യത്യാസം വന്നു. കുറച്ച് വലിയ ആളുകളും വിശ്വസിച്ച് വേഷങ്ങൾ തരാൻ തുടങ്ങി. പക്വത ഉള്ള കഥാപാത്രങ്ങളൊക്കെ അവർ തരാൻ തുടങ്ങിയിട്ടുണ്ട്. കുഞ്ഞുപടങ്ങൾ കുറഞ്ഞിട്ടുണ്ട്. അത്തരം കുഞ്ഞുപടങ്ങൾ എടുക്കുന്നത് ഞാൻ കുറച്ചിട്ടുമുണ്ട്. ആരോഗ്യത്തിന് പറ്റാത്തത് കൊണ്ട്, ഓട്ടം കുറയ്ക്കാൻ വേണ്ടിയാണ് കുറച്ചത്. രണ്ട് ദിവസം ഒക്കെ ഓടി എണ്ണം കൂട്ടാൻ വേണ്ടിയൊക്കെ കുറേ സിനിമകൾ മുമ്പ് ചെയ്യുമായിരുന്നു. ഉറക്കമിളച്ചിലൊന്നും ഇപ്പോൾ വയ്യ. 


കൈനിറയെ സിനിമകളുണ്ടല്ലോ. താരപരിവേഷം കിട്ടിത്തുടങ്ങിയോ?

താരത്തിന്റെ സൗകര്യങ്ങളൊക്കെ കിട്ടുന്നുണ്ട്. പക്ഷേ, എനിക്ക് അത്രയൊന്നും ആവശ്യമില്ലല്ലോ. ചമച്ചെടുക്കാൻ വേണ്ടുന്ന സൗകര്യങ്ങളൊന്നും വേണ്ട. ജീവിതരീതിയിലൊന്നും ഒരു മാറ്റവുമില്ല. കാശും സൗകര്യങ്ങളുമൊക്കെ കിട്ടുന്നുണ്ടെങ്കിലും നമുക്ക് പഴയ ആവശ്യങ്ങളൊക്കെ തന്നെയേ ഉള്ളൂ. ഇപ്പോൾ കിട്ടുന്നത് തന്നെ ലാവിഷ് ആണ്. 


ഒരു സിനിമ വന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ആ കഥാപാത്രം ചെയ്യാമെന്ന് തീരുമാനിക്കുക?

കഥാപാത്രം തിരഞ്ഞെടുക്കുന്നതൊന്നുമല്ല. അത് വന്നു ഭവിക്കുന്നതാണ്. സിനിമ സംവിധായകന്റേത് തന്നെയാണ്. അദ്ദേഹം തീരുമാനിക്കുന്നത് പോലെ വന്നാൽ സിനിമയും നന്നാകും, നമ്മളും നന്നാകും. എങ്കിലും വലിയ ആശയക്കുഴപ്പവും പേടിയും സിനിമ എടുക്കുമ്പോൾ ഉണ്ടാകാറുണ്ട്. ഓടുന്ന സിനിമയുടെ ഭാഗമാകുക എന്നതാണ് എപ്പോഴും ആഗ്രഹം. കൂടെ ആരൊക്കെ അഭിനയിക്കുന്നുണ്ട് എന്നൊക്കെ നോക്കും. അപ്പോൾ നമുക്ക് വലിയ തട്ടില്ലാതെ പോകാൻ പറ്റും. ടീം നന്നാകുമ്പോൾ നമ്മുടെ ഉത്തരവാദിത്തം കുറവാണ്. പക്ഷേ, ചെറിയ സിനിമകൾ വരുമ്പോൾ വിടാൻ മനസ്സുണ്ടാവില്ല. നല്ല കഥയൊക്കെ ആവും. പക്ഷേ, കുറച്ചൂടെ നന്നായി ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്നൊക്കെ കൊതി തോന്നും. അങ്ങനെ രണ്ട് മനസ്സുണ്ടാകും. അങ്ങനെ ചെയ്ത അപൂർവ്വം ചിലതൊക്കെ പ്രതീക്ഷിക്കാതെ വിജയം കണ്ടിട്ടുണ്ട്. ഒരുപാടെണ്ണം ഒരിടത്തും എത്താതെയും പോയിട്ടുണ്ട്. 


അത്തരം സിനിമകൾ പരാജയപ്പെടുമ്പോൾ സങ്കടമാകാറുണ്ടോ?

കുഞ്ഞുസിനിമ എടുക്കുന്ന പലരും സിനിമയുടെ പലവശങ്ങളും കൃത്യമായി മനസ്സിലാക്കാതെ വരുന്നവരാകും. ആളുകളെ ആകർഷിക്കുന്ന രീതി എന്താണെന്ന് ധാരണയില്ലാതെ, മറ്റൊരു കാഴ്ചപ്പാടിൽ സിനിമ ചെയ്യുന്നത് കൊണ്ട് പറ്റുന്നതാണ്. പരാജയം നമ്മളെ നിരാശപ്പെടുത്തും. പക്ഷേ, സഹകരിക്കുക എന്നതിലപ്പുറം നമുക്കൊന്നും ചെയ്യാനില്ല. സിനിമയുടെ എണ്ണം കൂട്ടുക എന്നത് ഇപ്പോൾ മനസ്സിലേ ഇല്ല. പഴയ ഊർജ്ജമില്ല. കൂടെ ഇത്തരം സിനിമകൾ ഒഴിവാക്കുക എന്നതും ഉള്ളിലുണ്ട്.


പൊതുവേ നോ പറയാൻ മടിയുള്ള ആളാണല്ലോ. അപ്പോൾ എങ്ങനെ സിനിമ വേണ്ടെന്ന് പറയാൻ പഠിച്ചു?

ഇപ്പോൾ ചിലരോടൊക്കെ പറയേണ്ടി വരും. പലപ്പോഴും ഡേറ്റ് കാണൂല്ല. ആ ഒരു സിനിമ ചെയ്യണമെങ്കിൽ ഒരുപാട് യാത്ര ചെയ്യേണ്ടി വരും. ഒരു കുഞ്ഞു വേഷത്തിന് വേണ്ടി അതിനേക്കാളേറെ യാത്ര ചെയ്യേണ്ടി വരിക എന്ന ഘട്ടത്തിൽ ചിലരോടൊക്കെ കടുപ്പിച്ച് പറഞ്ഞിട്ടുണ്ട്. 


ഇപ്പോൾ വരുന്ന സിനിമകളിലൊക്കെ സീരിയസ് വേഷങ്ങളാണല്ലോ. കോമഡി വേഷങ്ങൾ ചെയ്യാൻ പറ്റുന്നില്ല എന്ന സങ്കടം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

കോമഡിയൊക്കെ ചെയ്യാൻ ഇഷ്ടമാണ്. പക്ഷേ, ഇപ്പോൾ പണ്ടത്തെ പോലെയുള്ള കോമഡി പടങ്ങൾക്ക് സാദ്ധ്യത കുറവാണ്. ഹ്യൂമർ സിനിമകളൊക്കെ റിലീസ് ചെയ്യുന്നുണ്ട്. പക്ഷേ, എനിക്ക് അത്തരം വേഷങ്ങൾ ഇപ്പോൾ വരുന്നില്ല. സിനിമ മൊത്തത്തിൽ മാറി. അന്നത്തെ പോലത്തെ സിനിമകളൊന്നും ആഘോഷിക്കപ്പെടുന്നില്ല. ആ മാറ്റത്തിന്റെ ഭാഗമാണ്. പിന്നെ, ഇപ്പോൾ ഞാൻ ചെയ്യുന്ന വേഷങ്ങളൊക്കെ ആളുകളുടെ മനസ്സിൽ രജിസ്റ്റർ ആകുന്നതുകൊണ്ട് കോമഡി വേഷങ്ങൾക്ക് എന്റെ മുഖം ഓർമ്മ വരുന്നുണ്ടാവില്ല. 


കുടക്കമ്പി എന്ന പേരിൽ, ശരീരത്തിന്റെ വലിപ്പമില്ലായ്മ കൊണ്ട് കളിയാക്കപ്പെട്ടിട്ടുള്ള നടനാണല്ലോ. ബോഡി ഷെയിമിംഗ് പാടില്ല എന്ന പൊളിറ്റിക്കൽ കറക്ട്നെസ് അന്നുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഒരുപാട് നഷ്ടവും മാറ്റവും ഒക്കെ ഉണ്ടായേനെ. കാലം മാറുന്നതിന് അനുസരിച്ച്, കുട്ടികൾ പഠിക്കുന്നതിനും സംസ്കാരത്തിനുമൊക്കെ അനുസരിച്ച് ഉണ്ടാകുന്ന മാറ്റമല്ലേ. അത് നല്ലതാണ്. പക്ഷേ, എന്നെ സംബന്ധിച്ച് അന്ന് അതില്ലാതിരുന്നത് നന്നായി എന്നേ പറയൂ. കാരണം ആ കളിയാക്കൽ കൊണ്ട് ജീവിച്ച ആളാണ് ഞാൻ. 


കഥാപാത്രം നന്നാകാനോ ശരീരം നന്നാക്കാനോ ജീവിതരീതിയിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ടോ?

ശാരീരികമായി ഒരുമാറ്റത്തിന് ശ്രമിക്കാനുള്ള ത്രാണിയില്ല. പക്ഷേ, മനസ്സ് കൊണ്ട് മാറ്റം വരുത്താൻ ശ്രമിക്കാറുണ്ട്. മേക്കപ്പ്മാന്റെ സഹായത്തോടെയാണ് ശരീരത്തിലെ മാറ്റം കൂടുതലും വരുത്താറുള്ളത്. ഒരു കഥാപാത്രം കിട്ടിയാൽ സംവിധായകന് തന്നെ ആവശ്യത്തിന് ധാരണയുണ്ടാകും. അവർ കൃത്യമായി പറഞ്ഞുതരും. പരിചയമുള്ള ആരുടെയങ്കിലും മാനറിസം കൊണ്ട് വരുന്നതുപോലെ ആ കഥാപാത്രത്തിൽ ഉറച്ച് നിൽക്കാൻ ചെറിയ കുറുക്കുവഴികളൊക്കെ കാണിക്കാറുണ്ടെന്ന് മാത്രം.  


കീപാഡ് ഫോണിൽ നിന്ന് സ്മാർട്ട് ഫോണിലേക്ക്. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ടാണോ സ്മാർട്ട് ഫോണിലേക്ക് മാറാൻ തീരുമാനിച്ചത്?

കീപാഡ് ഫോൺ ഭയങ്കര സുഖമായിരുന്നു. ഒരുപാട് നമ്പറുകൾ സേവ് ചെയ്തിടാം എന്ന് പറഞ്ഞ് ഞോണ്ടുന്ന ടൈപ്പ് ചെറിയ ഫോൺ മോനാണ് വാങ്ങിത്തന്നത്. അത് ഉപകാരമായി തോന്നി. പഴയ ഫോൺ ഉപയോഗിക്കുന്ന അത്ര ഉപയോഗമേ എനിക്ക് ഇതിനുമുള്ളൂ. വാട്സ് ആപ്പ് ഒന്നുമില്ല. സ്മാർട് ഫോണിന്റെ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. മറ്റേഫോൺ പോലെ എളുപ്പമല്ല ഇതുപയോഗിക്കാൻ. ഇതിൽ അറിയാതെ കാളൊക്കെ പോകുന്നു. ഇത് തറയിൽ വീണാൽ പൊട്ടിപ്പോകുമോ എന്ന പേടിയുണ്ട്. 


ഉള്ളിലൊരു കള്ളനുള്ളത് കൊണ്ടാണ് ആളുകളോട് എപ്പോഴും മാന്യമായി പെരുമാറുന്നതെന്ന് മുമ്പ് പറഞ്ഞിരുന്നു. ആ കള്ളനെ ഇപ്പോഴും അങ്ങനെ നിറുത്തിയിരിക്കുകയാണോ?

ആളുകളോട് നന്നായി പെരുമാറണം എന്നത് ഒരു ശീലമാക്കിയതാണ്. ആളുകളെ ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ ഇഷ്ടമുള്ള മീഡിയയിൽ ചേർന്നുപോകാൻ നമ്മളെടുക്കുന്ന ഒരു കരുതലുണ്ടല്ലോ. അതാണ്. അത് എന്നെ മോശമായി ബാധിക്കാത്തതു കൊണ്ട് അത് മാറ്റേണ്ട കാര്യമില്ലല്ലോ. മാന്യമായി പെരുമാറുന്നതുകൊണ്ട് എല്ലാവരും എന്നെ ചേർത്തുനിറുത്തിയല്ലോ. ചിലപ്പോഴൊക്കെ ദുർമുഖം കാണിക്കുമ്പോൾ വീട്ടുകാർ ചോദിക്കും, ഇതെപ്പോൾ തുടങ്ങി എന്ന്. ഞാൻ മാറിപ്പോകാതിരിക്കാൻ അവർ ഒരുപാട് നോക്കുന്നുണ്ട്. ഞാൻ അറിയാതെ ഒച്ചവച്ചാൽ അവർ ചോദിക്കും എന്തിനാ അങ്ങനെ സംസാരിക്കുന്നത് എന്നൊക്കെ. ഞാൻ കൈവിട്ടു പോകാതിരിക്കാൻ അവർ കടിഞ്ഞാണിട്ട് പിടിക്കുന്നുണ്ട്.