ജനനം 1947, പ്രണയം തുടരുകയാണ് മാർച്ച് 8ന് തീയേറ്ററുകളിൽ
അറുപത് വർഷത്തോളം നീളുന്ന അഭിനയജീവിതം, മൂന്ന് ദശാബ്ദത്തിലേറെയായി മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ്. സിനിമാപ്രേമിയായ ഒരു മലയാളി എവിടെക്കണ്ടാലും തിരിച്ചറിയുന്ന മുഖം, കോഴിക്കോട് ജയരാജൻ. വർഷങ്ങളോളം കാത്തിരുന്ന് ഒടുവിൽ തന്റെ 72ാം വയസിൽ ആദ്യമായി നായകനായ അദ്ദേഹത്തിന്റെ ചിത്രം റിലീസിനൊരുങ്ങുകയാണ്. ജനനം 1947, പ്രണയം തുടരുകയാണ് മാർച്ച് 8ന് തീയേറ്ററുകളിലെത്തുമ്പോൾ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ചിറക് മുളയ്ക്കുകയാണ്. കടന്നുവന്ന വഴികളെക്കുറിച്ചും മുന്നോട്ടുള്ള യാത്രയെക്കുറിച്ചും അദ്ദേഹം മ്യൂസുമായി സംസാരിക്കുന്നു.
കലാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ടല്ലോ. എങ്ങനെയാണ് കലാരംഗത്തേക്കുള്ള വരവ്?
കോഴിക്കോടാണ് എന്റെ സ്വദേശം. കലാകാരന്മാർക്ക് വളക്കൂറുള്ള മണ്ണാണ് കോഴിക്കോട്. വളരെ ചെറുപ്പത്തിൽ തിരുവാതിര നാളുകളിൽ മുഖത്ത് കരിയൊക്കെ തേച്ച് ടിന്നിൽ കൊട്ടി അടുത്ത വീടുകളിൽ പോയി വെറുതെ ചാടിക്കളിക്കുമായിരുന്നു. അതിന് പണമൊക്കെ കിട്ടും. നാലാംക്ളാസിൽ പഠിക്കുമ്പോഴാണ് സ്കൂളിൽ ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. കണ്ണൻചിരട്ടകൾ എന്ന ആ നാടകത്തിൽ സ്ത്രീയുടെ വേഷമായിരുന്നു. നല്ല അഭിപ്രായം കേട്ടുതുടങ്ങിയപ്പോൾ നാടകാഭിനയത്തിനോട് ഇഷ്ടം കൂടി. പിന്നെ, വീടിനടുത്തുള്ള വായനശാലയിലെ ബാലജനസഖ്യത്തിലെ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. വളർന്നപ്പോൾ വലിയവരുടെ നാടകങ്ങളിൽ വേഷം ലഭിച്ചു. ഞാൻ വളരുന്തോറും എന്റെ സ്വാതന്ത്ര്യം വളരാൻ തുടങ്ങി. അങ്ങനെയിരിക്കെ കോഴിക്കോട് നഗരത്തിലെ പ്രഗത്ഭരായ നാടക കലാകാരന്മാരുടെ യുഡിഎ എന്ന സംഘടനയിൽ ഓർക്കസ്ട്രയിൽ ഭാഗമായി. ജാസ് ഡ്രംസ് വായിക്കുമായിരുന്നെങ്കിലും എന്റെ ലക്ഷ്യം അഭിനയമായിരുന്നു. അവർ വർഷാവർഷം ഗംഭീര നാടകങ്ങൾ ചെയ്യും. ആ റിഹേഴ്സലുകൾക്ക് പ്രോംപ്റ്റ് (സ്ക്രീനിന്റെ പുറകിൽ നിന്ന് ഡയലോഗുകൾ പറഞ്ഞുകൊടുക്കുക) ചെയ്യാൻ തുടങ്ങി. ആ സമയം ചിലപ്പോൾ ആളുകൾ വന്നില്ലെങ്കിൽ അവർക്ക് പകരക്കാരനായി നിൽക്കാൻ അവസരം ലഭിക്കും. അങ്ങനെയങ്ങനെ അവരുടെ നാടകങ്ങളിൽ വേഷം ലഭിക്കാൻ തുടങ്ങി. അണിയറ എന്ന മറ്റൊരു നാടകസംഘം കൂടിയുണ്ട്. അവരുടെ കൂടെക്കൂടി. അഭിനയവും അഭിനേതാവും എന്താണ് എന്നൊക്കെ പഠിച്ചതും ഒരു അച്ചടക്ക ബോധത്തോടെ നാടകത്തെയും ജീവിതത്തെയും കാണാൻ തുടങ്ങിയതും അവിടെ വച്ചാണ്.
പിന്നെ, സിനിമ എങ്ങനെയാണ് മോഹമാകുന്നത്?
കോഴിക്കോട് മെയിൻഫ്രെയിം എന്ന ഒരു സ്റ്റുഡിയോ ഉണ്ട്. ആ സ്റ്റുഡിയോ ഞങ്ങൾക്കായി എപ്പോഴും തുറന്നിടുമായിരുന്നു.
അവിടെ ആദ്യമായി ഒരു മൂവി ക്യാമറ വന്നു. അവിടെ വച്ചാണ് ക്യാമറയും ലൈറ്റിംഗും ഒക്കെ മനസ്സിലാക്കുന്നത്. ക്യാമറ വച്ച് കോഴിക്കോട് നടക്കുന്ന കാര്യങ്ങൾ ഷൂട്ട് ചെയ്ത് സ്റ്റുഡിയോയിൽ കൊണ്ടുവന്ന് വാർത്തയാക്കുകയും അത് പലയിടങ്ങളിലും കൊണ്ടുപോയി പ്രദർശിപ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ചെറിയ സ്കിറ്റുകളൊക്കെ അതിൽ ഷൂട്ട് ചെയ്ത് പരീക്ഷണം നടത്തുമായിരുന്നു. സിനിമയെക്കുറിച്ചൊക്കെ മനസ്സിലാക്കുന്നതും ഇഷ്ടം തോന്നുന്നതും അങ്ങനെയാണ്.
നാടകാഭിനയം കൊണ്ട് സിനിമയിൽ എത്തുക എളുപ്പമായിരുന്നോ?
പുതിയറയിലാണ് എന്റെ വീട്. അവിടുന്ന് അടുത്താണ് മഹാറാണി ഹോട്ടൽ. മഹാറാണിയിൽ സിനിമാക്കാരെത്തുമ്പോൾ ആരാ, എന്താ എന്നൊക്കെ അന്വേഷിച്ചുവയ്ക്കാനും അവസരം തേടാനും തുടങ്ങി. കോഴിക്കോട് ചെറുവണ്ണൂരിൽ സ്റ്റീൽ റോളിംഗ് കമ്പനിയിൽ വെൽഡർ ആയി ജോലിയുമുണ്ടായിരുന്നു ആ കാലത്ത്. അവിടെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. എന്റെ ജോലി സമയം കഴിഞ്ഞാൽ മുഴുവൻ നാടകത്തിന്റെ റിഹേഴ്സലുകൾക്കും സിനിമാഅന്വേഷണങ്ങൾക്കുമായി മാറ്റിവയ്ക്കും. കമ്പനിയിൽ ഒരുവർഷം പണിയുണ്ടെങ്കിൽ രണ്ട് വർഷം സമരമായിരിക്കും. അതെനിക്ക് ഗുണമായിരുന്നു. ആ കാലത്ത് ജാസ് ഡ്രംസ് ഒക്കെ വായിക്കുമായിരുന്നു. എന്റെ വീടിനടുത്തായിരുന്നു പ്രദീപ് ഹൂഡിനോ എന്ന മജീഷ്യൻ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ട്രൂപ്പിൽ ചേരാൻ തീരുമാനിച്ചു. അതിന്റെ പ്രധാനകാരണം അവരുടെ ഷോകൾ നടക്കുന്ന സ്ഥലങ്ങളിൽ പോയി സിനിമാക്കാരെ നേരിൽക്കാണാമെന്നതായിരുന്നു. മാജിക്ക് ട്രൂപ്പിലെ മ്യൂസിക് ഗ്രൂപ്പിൽ അംഗമായി ഞാൻ. ഷോ നടക്കുന്ന സ്ഥലത്ത് രാവിലെ എത്തിയാലും അവരുടെ പണിസാധനങ്ങൾ ഒരുക്കുമ്പോൾ അവിടെ നിൽക്കാൻ പാടില്ല. ആ സമയം ഞാൻ സിനിമാക്കാരെ തേടിയിറങ്ങും. വൈകിട്ട് 5 ആകുമ്പോൾ തിരിച്ചെത്തി ഗ്രൂപ്പിനൊപ്പം ചേരും. മെല്ലെ മാജിക്ക് പഠിക്കുകയും ചെറുതായി സ്റ്റേജിൽ കയറാനും തുടങ്ങി. ആ ഇടയ്ക്കാണ് മൈം ആക്ടിംഗിനോടും താൽപര്യം തോന്നുന്നത്. അങ്ങനെ മൈ മൈം എന്ന പേരിൽ ഏകാംഗ മൈം ഷോ അവതരിപ്പിക്കാൻ തുടങ്ങി. ഇപ്പോഴും അതിൽ സജീവമാണ്. എന്തായാലും സിനിമാ അവസരങ്ങൾ തേടുന്നത് മുറയ്ക്ക് നടന്നു. അങ്ങനെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷം കിട്ടി. കോടതിയിൽ കള്ളസാക്ഷി പറയുന്ന കള്ളനായിട്ടായിരുന്നു വേഷം. മറ്റൊരു നടന് പകരക്കാരനായിട്ടായിരുന്നു ആ അവസരം. മമ്മൂക്കയോടൊപ്പമായിരുന്നു രംഗം. ചെറിയ വേഷമായിരുന്നെങ്കിലും അത് ശ്രദ്ധിക്കപ്പെടുകയും വീണ്ടും കുഞ്ഞുവേഷങ്ങൾ കിട്ടാനും തുടങ്ങി.
സിനിമാജീവിതത്തിൽ വഴിത്തിരിവായത് എന്താണ്?
ഒരുപാട് സിനിമകളിൽ ചെറിയവേഷങ്ങൾ ചെയ്തതു കൊണ്ട് ആളുകൾക്ക് എന്നെ കണ്ടുപരിചയമുണ്ട്. പക്ഷേ, ആരാണെന്ന് അറിയില്ല.ആളുകൾക്ക് എന്നെ കണ്ടാൽ അവരുടെ നാട്ടിലെ ഒരാളാണ് എന്ന തോന്നലാണ്. അവരുടെ സ്ഥലപ്പേര് പറഞ്ഞ് ഇവിടെയാണോ വീട് എന്നാണ് ചോദിക്കുക. അതിനൊരു മാറ്റം വന്നത് ഹെലൻ എന്ന ചിത്രത്തിലെ സെക്യൂരിറ്റിയുടെ വേഷത്തിലൂടെയാണ്. നല്ലവനായ പൊലീസുകാരന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്നെ വിളിപ്പിച്ചത്. എന്നാൽ, അവിടെ എത്തിയപ്പോൾ സംവിധായകൻ മാത്തുക്കുട്ടി ഒരു സെക്യൂരിറ്റിയുടെ വേഷം ചെയ്യാമോ എന്ന് ചോദിച്ചു. സിനിമ ഇറങ്ങിയപ്പോൾ ആ വേഷം ശ്രദ്ധിക്കപ്പെട്ടു. ഹെലൻ ഇറങ്ങിയപ്പോൾ കോഴിക്കോട് ടൗണിൽ വച്ച് എന്നെ കണ്ടപ്പോൾ ഒരു അമ്മയും മകളും ഓടിവന്നു. ആ അമ്മ എന്റെ മുന്നിൽ വച്ച് അവളോട് പറഞ്ഞു. "ഞാനെപ്പോഴും ഇവളോട് പറയും ആരെ കണ്ടാലും ഒന്ന് ചിരിക്കണമെന്ന്." ആ സിനിമയിൽ ഞാൻ പറഞ്ഞ ഡയലോഗ് അവർ എന്നോട് പറയുകയാണ്. അപ്പോഴാണ് ഞാൻ അഭിനയിക്കുന്നതിനും അതിലൂടെ എന്ത് സന്ദേശമാണോ കൊടുക്കാൻ ആഗ്രഹിക്കുന്നത് അത് ആളുകളിലേക്ക് എത്തുകയും ചെയ്യുന്നുണ്ടല്ലോ എന്ന് മനസ്സിലായത്. അത് വലിയൊരു അനുഭവമായിരുന്നു.
ജനനം 1947, പ്രണയം തുടരുകയാണ് ചിത്രത്തിൽ നായകനായത് എങ്ങനെയാണ്?
ചെറിയ വേഷങ്ങളൊക്കെ തന്നെയാണ് ചെയ്തുപോന്നിരുന്നത്. അങ്ങനെ ഡിമാൻഡ് ചെയ്യാനൊന്നും ആളല്ലല്ലോ. എങ്കിലും രാഷ്ട്രീയ സിനിമകൾ ചെയ്യാൻ എനിക്ക് താൽപര്യമില്ല. പൊതുവെ അത്തരം സിനിമകൾ ഞാൻ എടുക്കാറില്ല. ഈ സിനിമയുടെ കാര്യം സംവിധായകനും നിർമ്മാതാവുമായ അഭിജിത്ത് എന്നോട് പറയുന്നത് , ചെറിയ സിനിമയാണ് ചെയ്തുതരണം എന്നാണ്. രാഷ്ട്രീയമാണോ പ്രമേയം എന്നു ഞാൻ ചോദിച്ചപ്പോൾ അല്ല പ്രായമായവരുടെ സ്നേഹമാണ് കഥ എന്ന് പറഞ്ഞു. അപ്പോൾ ചെയ്യാമെന്ന് വാക്കും കൊടുത്തു. ഇങ്ങനെ വിളിക്കുന്ന പല സിനിമകളും നാല് ദിവസം ഷൂട്ട് ചെയ്താൽ അഞ്ചാം ദിനം കാശ് തീരും. ഇതും അങ്ങനെ ആകുമെന്നാ ഞാനാദ്യം കരുതിയത്. എന്നാൽ, ഈ സിനിമ ചെയ്തു പൂർത്തിയാക്കും എന്ന് സംവിധായകൻ ഉറപ്പിച്ചിരുന്നു. പിന്നീട്, ക്യാമറാമാൻ സന്തോഷ് വന്ന് കഥ പറഞ്ഞുതന്നു.
നായകനായ സിനിമ ഇറങ്ങുമ്പോൾ ടെൻഷനുണ്ടോ?
നായകനായി വന്ന സിനിമ തിയേറ്ററിലെത്തുമ്പോൾ മമ്മൂക്കയ്ക്ക് പോലും ടെൻഷൻ ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. കാണാൻ ആളുകൾ കയറുമോ എന്നതിനേക്കാൾ കണ്ടിറങ്ങുന്ന ആളുകളുടെ പ്രതികരണം എന്തായിരിക്കും എന്നതാണ് ആ ടെൻഷന്റെ പ്രധാനകാരണം. മദ്രാസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ കാണാൻ പോയിരുന്നു. വലിയ ടെൻഷനുണ്ടായിരുന്നു. നാടകം കളിക്കുമ്പോൾ ഈ പ്രശ്നമില്ല. കാരണം നാടകം നടക്കുമ്പോൾ നമ്മൾ സ്റ്റേജിലാണല്ലോ. ആളുകളുടെ അഭിപ്രായം അപ്പോൾ നമുക്ക് കേൾക്കാനാവില്ല. എന്നാൽ, ഈ സിനിമ കാണികൾക്കൊപ്പം ഇരുന്നു കാണുകയാണ്. നമ്മൾ ചെയ്തതിന്റെ നല്ലതും മോശവും അവരുടെ അഭിപ്രായങ്ങൾ നമുക്ക് അപ്പോൾ തന്നെ കേൾക്കാനാവും. മാത്രമല്ല, സിനിമ കഴിയുമ്പോൾ അവർ നമ്മെ കാണുകയും ചെയ്യും. സിനിമ ആളുകളിലേക്കെത്തുക എന്നതാണ് ഇനിയുള്ള ആഗ്രഹം.
ഇതിനോടകം നിരവധി ഫിലിംഫെസ്റ്റുവലുകളിലെ മികച്ച അഭിപ്രായം നേടിയല്ലോ ചിത്രം. ആ ഒരു അനുഭവം എന്താണ്?
യാത്രാ ഫിലിം ഫെസ്റ്റിവലായ ജാഗരൺ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ വർഷം മുംബയിൽ വച്ച് മികച്ച നടനുള്ള പുരസ്കാരം കിട്ടിയിരുന്നു. നാടകത്തിൽ ഒരുപാട് അവാർഡുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ, സിനിമയിൽ ആദ്യമായി കിട്ടിയ അവാർഡ് ആണിത്. അതൊരു അനുഭവമായിരുന്നു. ഫ്ലൈറ്റിൽ മുന്തിയ ടിക്കറ്റിൽ യാത്ര, മുംബയിലെ മുന്തിയ ഹോട്ടലിലെ താമസം, അതൊക്കെ ആദ്യമായിട്ടായിരുന്നു. മലയാളത്തിൽ ആദ്യമായാണ് ജാഗരൺ ഫിലിം പുരസ്കാരം ലഭിക്കുന്നത്. മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് റാണി മുഖർജിയാണ്. ഇരുപതോളം രാജ്യങ്ങളിൽ നിന്ന് ഏഴായിരം സ്ക്രിപ്റ്റുകൾ പരിശോധിച്ചാണ് അവർ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ വിവരങ്ങളൊക്കെ പിന്നീടാണ് ഞാൻ മനസ്സിലാക്കുന്നത്. ഇപ്പോഴാണ് അതിന്റെയൊക്കെ വലിപ്പം തിരിച്ചറിയുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടിയാണ് ഇതിൽ നായികയായി ഒപ്പമുണ്ടായിരുന്നത്. അഭിനയിക്കാൻ എളുപ്പമായിരുന്നോ?
ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പാണ് നായികയായി പത്മശ്രീ ലീല സാംസണിനെ കിട്ടുന്നത്. മികച്ച നടിയും നർത്തകിയുമാണവർ. അവരുടെ ചില നോട്ടങ്ങൾക്ക് പോലും വലിയ അർത്ഥങ്ങളുണ്ട്. അവരുടെ കൂടെ അഭിനയിക്കാൻ പറ്റിയതാണ് വലിയ ഭാഗ്യം. എന്നെ മികച്ച നടനാക്കിയതിൽ അവർക്കും കൂടെ അഭിനയിച്ച മറ്റു നടീനടന്മാർക്കൊക്കെ പങ്കുണ്ട്. അവരോട് ഒത്തുനിന്ന് അഭിനയിക്കണമല്ലോ.
ജീവിതത്തിലെ വലിയ ആഗ്രഹം നേടിയെടുത്തെന്ന സംതൃപ്തി ഉണ്ടോ ഇപ്പോൾ? മുന്നോട്ടുള്ള പ്രതീക്ഷകളെന്തൊക്കെയാണ്?
കോഴിക്കോട് നാടകങ്ങൾ കാണുന്നവരും പരിചയക്കാരുമെല്ലാം ചോദിക്കും. എത്രകാലമായി ഇങ്ങനെ കഷ്ടപ്പെടുന്നു , ഇനി എപ്പോഴാണ് രക്ഷപ്പെടുക എന്നൊക്കെ. ഈ സിനിമ അതിനൊരു ഉത്തരമാണെന്ന് കരുതുന്നു. ഇനിയും നല്ല വേഷങ്ങൾ ചെയ്യണമെന്നുണ്ട്. തോമസ് സെബാസ്റ്റ്യൻ എന്ന സംവിധായകന്റെ ചിത്രത്തിൽ നായകന് തുല്യമൊരു വേഷം ചെയ്യുന്നുണ്ട്. ദിലീഷ് പോത്തനാണ് അതിൽ നായകൻ. വളരെ പ്രതീക്ഷയുള്ള ചിത്രമാണ് അതും. മീന നായിക ആയ അനന്ദപുരം ഡയറീസ് എന്ന ചിത്രം കൂടി റിലീസിനൊരുങ്ങുന്നുണ്ട്. കൂടാതെ, ചെറിയ വേഷങ്ങൾ വേറെയുമുണ്ട്.