×
പൊള്ളുന്ന വെയിൽ! ഏത് സൺസ്ക്രീൻ ഉപയോഗിക്കണം എന്നറിയാമോ?

കേരളം ചുട്ടുപൊള്ളുകയാണ്. വീടിനകത്തിരുന്നാലും ചൂടേറ്റ് കരിയുകയാണ് നാം. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയും ശരീരം തണുപ്പിക്കുന്ന ഭക്ഷണം കഴിച്ചും ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ തേടി അലയുകയാണ് ഓരോരുത്തരും. ചൂട് വർദ്ധിക്കുംതോറും സൂര്യരശ്മികളേറ്റ് ചർമ്മത്തിൽ പൊള്ളലുണ്ടാകുന്ന സംഭവങ്ങൾ കൂടി വരികയാണ്. ശരീരത്തിന് നൽകുന്നതു പോലെ തന്നെ നമ്മുടെ ചർമ്മത്തിനും വേണം വേനൽക്കാല സംരക്ഷണം.

സൂര്യനെ നേരിടാൻ സൺസ്ക്രീൻ
അൾട്രാവയലറ്റ് രശ്മി കഠിനമാകുന്നത് രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ്. ആ സമയം കഴിയുന്നതും പുറത്തിറങ്ങാതെ നോക്കാം. എന്നാൽ, നമ്മുടെ പലവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങേണ്ടി വരികയാണെങ്കിൽ സൂര്യകോപത്തിൽ നിന്ന് എങ്ങനെയൊക്കെ രക്ഷ നേടാമെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ചർമ്മ സംരക്ഷണത്തിലെ പ്രധാനി സൺസ്ക്രീൻ തന്നെയാണ്. എന്നാൽ, ഏതെങ്കിലുമൊരു സൺസ്ക്രീൻ തേച്ചതുകൊണ്ട് കാര്യമില്ല. പാത്രമറിഞ്ഞു വിളമ്പണം എന്നു പറയുന്നതുപോലെ ചർമ്മമറിഞ്ഞ് വേണം സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ. ക്രീം, ലോഷൻ, ഓയിൽമെന്റ് എന്നിങ്ങനെ പലവിധത്തിൽ സൺസ്ക്രീൻ ലഭ്യമാണ്. എസ്.പി.എഫ് കൂടുതലുള്ളതാണ് നല്ല സൺസ്ക്രീനിൽ എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇന്ത്യക്കാരുടെ ചർമ്മത്തിൽ മെലാനിൻ ഉള്ളതിനാൽ 30 മുതൽ 50 ശതമാനം എസ്.പി.എഫ് മതിയാകും നമുക്ക്. സൺസ്ക്രീൻ ഫിസിക്കൽ സൺസ്ക്രീനെന്നും കെമിക്കൽ സൺസ്ക്രീനെന്നും രണ്ട് വിധത്തിലാണുള്ളത്.  ഓക്സിബെൻസോൺ, ഒക്റ്റിനോക്സേറ്റ്, അവോബെൻസോൺ തുടങ്ങിയ ജൈവ രാസവസ്തുക്കളടങ്ങിയതാണ് കെമിക്കൽ സൺസ്ക്രീൻ. സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് തുടങ്ങിയ ധാതുക്കളടങ്ങിയ, കെമിക്കലുകളൊന്നും ചേരാത്തതാണ് ഫിസിക്കൽ സൺസ്ക്രീൻ. ഫിസിക്കൽ സൺസ്ക്രീൻ ഒരു പാളി പോലെ ചർമ്മത്തെ സംരക്ഷിക്കും. കെമിക്കൽ സൺസ്ക്രീനാകട്ടെ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യും. നിങ്ങളുടെ ചർമ്മത്തിന് യോജിച്ചതും ഏതാവശ്യത്തിനാണോ പുറത്തിറങ്ങുന്നത് എന്നതിനെ ആശ്രയിച്ചുമാണ് ഇതിലേത് വേണമെന്ന് തീരുമാനിക്കേണ്ടത്. ചൂടാണല്ലോ എന്ന് കരുതി ഒരുപാട് കട്ടിയുള്ള തരം സൺസ്ക്രീൻ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ക്രീം പോലുള്ളതോ ലോഷൻ പോലുള്ളതോ ആയ സൺസ്ക്രീൻ ആണ് ഈ കാലവസ്ഥയ്ക്ക് നല്ലത്. വീടിനകത്ത് ഇരിക്കുന്നവർക്ക് സൺസ്ക്രീൻ നിർബന്ധമല്ല. എന്നാൽ, സെൻസിറ്റീവ് സ്കിൻ ഉള്ളവർക്ക് വീടിനകത്തോ ഓഫീസിനകത്തോ ഉള്ള ട്യൂബ്‍ലൈറ്റിൽ നിന്ന് വരുന്ന ബ്ലൂലൈറ്റിൽ നിന്ന് സംരക്ഷണം നൽകാനുള്ള പ്രത്യേകം സൺസ്ക്രീൻ ഉപയോഗിക്കാവുന്നതാണ്. ഒരു ചർമ്മരോഗ വിദഗ്ദ്ധനെ കണ്ട് നിങ്ങൾക്ക് അനുയോജ്യമായ സൺസ്ക്രീൻ ഏതെന്ന് അറിഞ്ഞ് വാങ്ങുന്നതാണ് നല്ലത്.

അയഞ്ഞ വസ്ത്രം ഉത്തമം
സൺസ്ക്രീൻ പുരട്ടിയാൽ ചർമ്മം പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് കരുതരുത്. നാം ധരിക്കുന്ന വസ്ത്രങ്ങളും മറ്റു ചില കാര്യങ്ങളും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കൈകാലുകൾ മൂടത്തക്കവിധത്തിലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഈ കാലാവസ്ഥയ്ക്ക് നല്ലത്. സിന്തറ്റിക് വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ഒഴിവാക്കുക. ബീച്ച് പോലെ തുറന്ന പ്രദേശങ്ങളിൽ പോവുകയാണെങ്കിൽ മുഖത്ത് വെയിലേൽക്കാത്ത തരത്തിലുള്ള തൊപ്പിയോ കുടയോ കരുതണം. വെയിലത്ത് നിന്ന് വന്നാൽ മുഖവും ദേഹവും ശുദ്ധമായ വെള്ളത്തിൽ കഴുകുന്നത് നല്ലതാണ്. എന്നാൽ, വെള്ളം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കരുത്. കടുത്ത ചൂടേറ്റ ചർമ്മത്തിൽ പെട്ടെന്ന് ഐസ് വച്ചാൽ രക്തക്കുഴലുകൾ ചുരുങ്ങിപ്പോകുകയും അത് ചർമ്മത്തിന് കേടുണ്ടാക്കുകയും ചെയ്തേക്കാം. ഓരോരുത്തരിലും ഓരോ വിധത്തിലാണ് സൂര്യാതാപത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരിക്കുക. വെയിലേക്കുന്ന ഭാഗത്ത് മുൻപില്ലാത്ത വിധം ചുവന്ന പാടുകളോ തിണർപ്പോ ചൊറിച്ചിലോ അനുഭവപ്പെട്ടാൽ ചർമ്മരോഗ വിദഗ്ധരെ കാണിക്കുന്നതാണ് നല്ലത്. ശരീരത്തിൽ കുമിള പോലെ വന്നാൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. അണുബാധ വരാതിരിക്കാനുള്ള ചികിത്സ എടുക്കേണ്ടതാണ്.
വേനൽക്കാലത്തെ മറ്റൊരു പ്രധാനപ്രശ്നമാണ് ചൂടുകുരു. ശരീരം വിയർക്കുമ്പോൾ വിയർപ്പ് ഗ്രന്ഥികൾ അടഞ്ഞിട്ട് വരുന്നതാണ് ചൂടുകുരു. ഇത് വെയിലത്ത് ഇറങ്ങാത്തവർക്കും വരും. കട്ടിയുള്ള മേക്കപ്പ് ഉപയോഗിക്കുന്നവരിൽ ചൂടുകുരു വരാനുള്ള സാധ്യതയേറെയാണ്. അതുപോലെ നവജാത ശിശുക്കളെ പൊതിഞ്ഞുകെട്ടുന്ന പതിവുണ്ട്. കട്ടിയുള്ള തുണികൾ ഒഴിവാക്കി കോട്ടൺ തുണിയിൽ പൊതിയാൻ ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്ക് ഈ കെട്ട് അഴിച്ച് കുട്ടികളെ സ്വതന്ത്രരാക്കുകയും വിയർപ്പുണ്ടെങ്കിൽ തുടച്ച് വൃത്തിയാക്കുകയും വേണം. കുഞ്ഞുങ്ങളുടെ ശരീരത്തിലും വിയർപ്പ് കെട്ടി നിൽക്കാൻ ഇടയാക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. വിനീത വർഗീസ് പണിക്കർ
ക്ലിനിക്കൽ പ്രൊഫസർ, ഡെർമ്മറ്റോളജിസ്റ്റ്
അമൃത ആശുപത്രി, കൊച്ചി