×
അനുഭവങ്ങളാൽ നെയ്തെടുത്ത  സിനിമാജീവിതവുമായി ഷിജു യു.സി

പട്ടിണി കൊണ്ട് പൊറുതിമുട്ടി 16ാം വയസ്സിൽ വിഷം കഴിച്ചുമരിക്കാൻ പോയ ഒരു പയ്യൻ. കോഴിക്കോട് വടകരയിലെ കുട്ടോത്ത് എന്ന ചെറിയ ​ഗ്രാമത്തെ സിനിമയിലെത്തിക്കാൻ പാകത്തിൽ അവൻ വളർന്നു. വയസ്സെത്രയായി? മുപ്പത്തി... എന്ന പേരിൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ നട്ടെല്ലാണ് ഷിജു യു.സി എന്ന ചെറുപ്പക്കാരൻ. പ്രായപൂർത്തിയാകും മുമ്പ് മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് നടന്നുകയറിയതു കൊണ്ടുതന്നെ എന്തുവന്നാലും തോൽക്കില്ലെന്ന മനക്കരുത്തിലാണ് ഷിജു തന്റെ സിനിമാമോഹത്തെ പുറത്തെടുക്കാൻ തീരുമാനിച്ചത്. തന്റെ ജീവിതത്തെ കുറിച്ചും സിനിമയെക്കുറിച്ചും ഷിജു മ്യൂസുമായി സംസാരിക്കുന്നു.  


പട്ടിണിയിൽ തുടക്കം

നെയ്ത്തുകാരുടെ കുടുംബത്തിലാണ് ജനിച്ചത്. 9ാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. വീട്ടിൽ അമ്മയും സഹോദരിയും. സ്വാഭാവികമായും ആ പ്രായത്തിൽ തന്നെ അടുത്ത വീടുകളിൽ വേലക്കാരനായും കൈത്തറി ശാലകളിൽ പണിക്കും പോയിത്തുടങ്ങി. പിന്നെ ഇടതുപാർട്ടി ഇടപെട്ട് ഞങ്ങൾ ഒരു കുഞ്ഞുവീട്ടിലേക്ക് താമസം മാറി. കർണ്ണാടകയിൽ ടെക്സ്റ്റെയിൽ എൻജിനീയറിം​ഗ് പഠിക്കാൻ അവസരം കിട്ടുകയും പഠിത്തം കഴിഞ്ഞപ്പോൾ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി മുംബൈയിലെ ദി ലീല ലെയ്സ് എന്ന കമ്പനിയിൽ ജോലി കിട്ടുകയും ചെയ്തു. പിന്നീട് ചൈനയിലെ ഒരു ​ബ്രസീലിൻ ഗാർമെന്റ് കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി ജോലി ലഭിച്ചു. ഏഴുവർഷം മുമ്പ് സ്വന്തം കമ്പനി തുടങ്ങുകയും ശ്രീലങ്ക, ഉക്രെയിൻ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുകയും ചെയ്തു. എന്നാൽ, നാട്ടിൽ നോ ലിമിറ്റ്സ് എന്ന പേരിൽ ​വസ്ത്രങ്ങൾക്കായി തുടങ്ങിയ ഫാക്ടറി നോട്ടുനിരോധനം, വെള്ളപ്പൊക്കം, കൊവിഡ് എന്നിങ്ങനെ തുടർച്ചയായി വന്ന തിരിച്ചടികളിൽ പൂട്ടിപ്പോയി. ഉക്രെയിനിലെ യുദ്ധം, ശ്രീലങ്കയുടെ ആഭ്യന്തരത്തകർച്ച ഇതൊക്കെ ബിസിനസിനെ ബാധിച്ചു. 12 കോടിയോളം രൂപ അങ്ങനെ നഷ്ടമായി. ഓരോന്നായി തിരികെപ്പിടിക്കുകയാണ്.


അനുഭവങ്ങൾ സിനിമയാക്കുന്നു

കുട്ടിക്കാലം മുതൽ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നു. ആളുകളെ അനുകരിക്കുമായിരുന്നു. തെരുവുനാടകങ്ങളിലും പ്രൊഫഷണൽ നാടകങ്ങളിലുമൊക്കെ അഭിനയിക്കുകയും നാടകങ്ങളെഴുതുകയും ചെയ്തിരുന്നു. കർണ്ണാടകയിലും മുംബയിലുമൊക്കെ ആങ്കറിം​ഗും ചെയ്തിരുന്നു. ചൈനയിലായിരിക്കെയാണ് സിനിമാമോഹം വരുന്നത്. അപ്പോൾ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നു. ഇപ്പോഴാകട്ടെ ഓഡിഷനിൽ പങ്കെടുത്ത് സിനിമയിൽ വേഷം നേടാനുള്ള പ്രായവുമല്ല. അങ്ങനെയാണ് സ്വന്തം സിനിമാക്കമ്പനി എന്ന ലക്ഷ്യത്തിലേക്കെത്തുന്നത്. ഗാർമെന്റ് ബിസിനസിൽ പാർട്ണർ ആയ അജയൻ ഇ എന്ന സുഹൃത്തിനെയും കൂട്ടുപിടിച്ചാണ് നോ ലിമിറ്റ്സ് ഫിലിംസ് എന്ന കമ്പനിയ്ക്ക് രൂപം കൊടുക്കുന്നത്. സിനിമ ഇഷ്ടമായതു കൊണ്ട് തന്നെ ഏഴോളം തിരക്കഥകൾ എഴുതിപ്പൂർത്തിയാക്കിയിട്ടുണ്ട്. അതിൽ എല്ലാവർക്കും പെട്ടെന്ന് ചെയ്യാൻ പറ്റുന്ന തിരക്കഥയാണ് 'വയസെത്രയായി? മുപ്പത്തി...' എന്നത്. ‌സ്വന്തം അനുഭവങ്ങളും സുഹൃത്തുക്കളുടെ അനുഭവങ്ങളുമെല്ലാം ഒത്തുചേർത്തതാണ് ഈ സിനിമ.

ചിത്രത്തിൽ നായകന്റെ അളിയന്റെ വേഷമാണ് എനിക്ക്. കല്ല്യാണം നോക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി അനുഭവങ്ങളുണ്ടായിട്ടുണ്ട്. അന്ന് എന്റെ ഓരോ പോക്കറ്റിലും ഓരോ കള്ളജാതകങ്ങളായിരുന്നു. പെണ്ണിന്റെ വീട്ടുകാർ പറയുന്ന നക്ഷത്രത്തിന് ചേരുന്ന നക്ഷത്രമുള്ള ജാതകക്കുറിപ്പാണ് ഞാൻ എടുത്തു കൊടുത്തിരുന്നത്. അത് എഴുതിത്തരുന്നത് സഖാക്കളായ പണിക്കർമാരും. ചൈനയിൽ ജോലി ആയതുകൊണ്ട് ചൈനക്കാരന് പെണ്ണില്ല എന്നാണ് മിക്ക സ്ഥലത്തുനിന്നും പറഞ്ഞിരുന്നത്. അവസാനം ചൈനയിൽ ഒളിംപിക്സ് നടക്കുകയും ആ രാജ്യത്തെ പറ്റി നാട്ടുകാർക്ക് മതിപ്പാവുകയും ചെയ്തപ്പോഴാണ് എനിക്ക് കല്ല്യാണമായത്. കല്ല്യാണം നോക്കിയിരുന്നത് ഞങ്ങൾ മൂന്നാല് പേരായിരുന്നു. അതിൽ എന്റെ മാനേജരും കൂട്ടുകാരനുമായ ഷിജു ടി.എ.വി വേണ്ടി കുടകിലും തമിഴ്നാട്ടിലുമടക്കം 117 പെണ്ണിനെ കണ്ടു. ആ കഥയൊക്കെ സിനിമയിലുണ്ട്. കഥാനായകനായ ബ്രി​ഗേഷ് എന്നത് എന്റെ കൂട്ടുകാരനായ ബിജു നെല്ലിയോത്ത് ആണ്. കാലങ്ങൾ കെട്ടുകണക്കിന് ജാതകക്കുറിപ്പുകളുമായി എല്ലാ ഞായറാഴ്ചയും ബ്രോക്കറെയും കൂട്ടി പെണ്ണ് കാണാൻ നടന്നിട്ട് അവസാനം പത്താംക്ലാസിൽ കൂടെ പഠിച്ച പെണ്ണിനെ കല്ല്യാണം കഴിച്ചു. 45ാം വയസിലായിരുന്നു അവന്റെ കല്ല്യാണം. പക്ഷേ, കഴിഞ്ഞ ദിവസം അവൻ കുഴഞ്ഞുവീണ് മരിച്ചു. അവന്റെ കഥ സിനിമയായപ്പോൾ കൂടെ സന്തോഷിക്കാൻ അവനില്ലാതായി എന്നത് വലിയ സങ്കടമായി അവശേഷിക്കും.


സിനിമയിലെ വെല്ലുവിളികളും പ്രതീക്ഷകളും

പ്രാദേശിക സിനിമകൾ ലോകസിനിമയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് ഞാൻ കണ്ടതും കേട്ടതും എന്റെ ചുറ്റുവട്ടത്തുള്ളതുമൊക്കെയാണ് സിനിമയാക്കുന്നത്. വയസ്സെത്രയായി സിനിമയിൽ ചെറിയ ആർട്ടിസ്റ്റുകളാണെങ്കിലും ടെക്നോളജിയിലൊന്നും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. പരിചയക്കുറവ് കൊണ്ട് ബഡ്ജറ്റ് വിചാരിച്ചതിന് മേലെയായി. 100 പേർക്ക് സിനിമ കാണിച്ച് അഭിപ്രായമെടുത്താണ് തീയേറ്ററിലെത്തിച്ചത്. പക്ഷേ, ആടുജീവിതം എന്ന വലിയ സിനിമയ്ക്കൊപ്പം ആയതിനാൽ തീയേറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ടി. എങ്കിലും വടക്കൻ കേരളത്തിൽ മിക്കയിടങ്ങളിലും ഹൗസ്ഫുൾ ആണ് സിനിമ. നിർമ്മാതാവ് എന്ന നിലയിൽ സാമ്പത്തിക മെച്ചം തീയേറ്ററിൽ നിന്ന് ലഭിക്കാൻ സാധ്യതയില്ല. എങ്കിലും ഈ സിനിമയുടെ റൈറ്റ്സ് തമിഴ്നടൻ യോ​ഗിബാബു സ്വന്തമാക്കി എന്നത് സന്തോഷം തരുന്നുണ്ട്. തമിഴിലും ഇതിന്റെ തിരക്കഥ ഞാനാണ് നിർവഹിക്കുന്നത്. പ്രധാനപ്പെട്ട വേഷത്തിലുമുണ്ട്. കൂടാതെ യോ​ഗിബാബുവിന്റെ തന്നെ സാപ്പാടുരാമൻ എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കുന്നുണ്ട്. അതിലും നല്ല വേഷമുണ്ട്. എന്നിലെ തിരക്കഥാകൃത്തും അഭിനേതാവും സേഫാണ്.

ഇത് കൂടാതെ മലയാളത്തിൽ ബിവെയർ ഒഫ് മൈ സൺ എന്ന ചിത്രവും ഒരുക്കുന്നുണ്ട്. എന്റെ മകൻ ആദിയെ കേന്ദ്രീകരിച്ചുള്ള കഥയാണ്.  ഇന്ദ്രജിത്ത് ആണ് നായകൻ. സുഹൃത്തുക്കളും ഭാര്യ തുഷാര, മക്കൾ ആദിനാഥ്, അനയ്നാഥ്, ആ​ഗ്നേയ് നാഥ് എന്നിവർ നൽകുന്ന പിന്തുണ വലുതാണ്.