കൊച്ചി: പ്രേക്ഷകരെ ആവേശം കൊള്ളിച്ച പൊലീസ് ആക്ഷൻ ചിത്രം ആക്ഷൻ ഹീറോ ബിജുവിന് രണ്ടാംഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം ഉടൻ ആരംഭിക്കുമെന്ന് നായകൻ നിവിൻ പോളിയാണ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ആദ്യഭാഗം പുറത്തിറങ്ങിയിട്ട് എട്ട് വർഷങ്ങൾ പൂർത്തിയാകുമ്പോഴാണ് ചിത്രത്തിന്റെ അടുത്തഭാഗത്തിനായുള്ള ഒരുക്കം തുടങ്ങുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു "ആക്ഷൻ ഹീറോ ബിജു" റിലീസായത്. നിവിൻ പോളി നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ആക്ഷൻ ഹീറോ ബിജു. രണ്ടാം ഭാഗം നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഒരു പൊലീസുകാരന്റെ ഓരോ ദിനവും എങ്ങനെയാണെന്ന് എടുത്തുകാട്ടിയ റിയലിസ്റ്റിക് ചിത്രമായിരുന്നു ആക്ഷനും കോമഡിക്കും സെന്റിമെന്റ്സിനും ഒരുപോലെ പ്രാധാന്യം കൊടുത്ത ആക്ഷൻ ഹീറോ ബിജു. കൊച്ചി നഗരത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ചിത്രം ആദ്യദിനങ്ങളിൽ വിചാരിച്ച കളക്ഷൻ നേടിയില്ലെങ്കിലും പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വൻ വിജയമാകുകയായിരുന്നു. ആദ്യഭാഗം ഹിറ്റായതിനെ തുടർന്ന് രണ്ടാംഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇത്രകാലമായിട്ടും ചിത്രത്തിനോട് ഇപ്പോഴും തുടരുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞു കൊണ്ടാണ് നിവിൻ പോളി രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. 1983യിൽ തുടങ്ങിയ നിവിൻ പോളി- എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ഇനി ബിജു പൗലോസിന്റെ ആക്ഷനായി കാത്തിരിക്കാം.