പുതുവർഷമെത്താൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണല്ലോ നാം. 2024 ആയിട്ട് വേണം ഒന്നു നന്നാകാൻ എന്ന് മനസ്സാലെ ഉറപ്പിച്ച നൂറുപേരെങ്കിലും കാണും. എല്ലാ വർഷവും പോലെ 2024 ഉം കണ്ണടച്ചു തുറക്കുംമുമ്പ് തീരും, ഇപ്പോൾ 2023 ന്റെ അവസാന ദിവസങ്ങളിലെത്തി നിൽക്കുന്നതു പോലെ. എന്തായാലും പുതുവർഷ പുലരി പിറക്കും മുമ്പ് ജീവിതം മെച്ചപ്പെടുത്താൻ ഒരുപാട് അവസരങ്ങൾ നൽകിയ 2023 ന് നല്ല ഒരു യാത്രയയപ്പ് നൽകാം. അതിനായി 2024 എത്തുംമുമ്പേ ചില കാര്യങ്ങൾ ചെയ്തു തീർക്കാം. സ്വയം മെച്ചപ്പെടാൻ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങളിതാ.
1.അവധിയെടുക്കൂ...
അതെ, ജോലിയുടെ തിരക്കിൽ നെട്ടോട്ടത്തിലാണ് നാമോരോരുത്തരും. ചിലർ ഓഫീസിലാണെങ്കിൽ വീട്ടമ്മമാരും വീട്ടച്ഛന്മാരും വീടിനകത്താണെന്ന വ്യത്യാസം മാത്രം. 2023ൽ ചെയ്തുതീർക്കേണ്ട ഒരു കാര്യം ഈ തിരക്കുകൾക്ക് ഒരു അവധി നൽകുക എന്നതാണ്. ഒന്നോ രണ്ടോ ദിവസം ഓഫീസിൽ നിന്നും വീട്ടുപണികളിൽ നിന്നും അവധിയെടുക്കൂ. മുഴുവനായി ഇല്ലെങ്കിൽ പാതിയെങ്കിലും. ആ ദിവസം ഏറ്റവും കുറച്ച്, അത്യാവശ്യമുള്ള ജോലികൾ മാത്രം ചെയ്യൂ. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത്, പാട്ടുകേൾക്കുകയോ ചെടി പരിപാലിക്കുകയോ അങ്ങനെയെന്തെങ്കിലും ചെയ്ത് നന്നായി വിശ്രമിക്കൂ. ഇനിയതല്ല, യാത്ര പോവുകയാണ് വേണ്ടതെങ്കിൽ അങ്ങനെ.
2. വേണ്ടാത്തതെല്ലാം കളയൂ
എന്നെങ്കിലും ആവശ്യം വരുമെന്ന് കരുതി സൂക്ഷിച്ച് വച്ചത് എന്തെങ്കിലുമുണ്ടോ? എങ്കിൽ അവ ഉപേക്ഷിക്കാനുള്ള സമയമായി. 2023ന്റെ തുടക്കത്തിൽ വാങ്ങിച്ചതാകാം. പക്ഷേ, ഒരിക്കലും ഉപയോഗിച്ചിട്ട് പോലുമുണ്ടാകില്ല. അതല്ലെങ്കിൽ ഉപയോഗിച്ച് അതിന്റെ പരിപ്പെടുത്തവയുമാകാം. അലമാര, മുറി, ബാഗ്, പഴ്സ് അങ്ങനെ എല്ലാം പരിശോധിച്ച് ആവശ്യമില്ലാത്ത വസ്ത്രങ്ങൾ, റസീതുകൾ, ഉപയോഗിക്കാത്ത മേക്കപ്പ് സാധനങ്ങൾ, നെയിൽ പോളിഷ്, പേപ്പർ കഷ്ണങ്ങൾ അങ്ങനെ എന്തൊക്കെയുണ്ടോ അതൊക്കെ കളഞ്ഞോളൂ.
3. ഒരു വർഷം ഓർത്തെടുക്കാം
ഡയറി എഴുതി ശീലമില്ലെങ്കിൽ സാരമില്ല. ഒരു നോട്ട്പുസ്തകവും പേനയുമെടുത്ത് ഇരുന്നോളൂ. എന്നിട്ട് 2023ൽ നിങ്ങൾ പഠിച്ച ജീവിതപാഠങ്ങളെന്തൊക്കെയെന്ന് എഴുതിക്കോളൂ. സംഭവിച്ച നല്ല കാര്യങ്ങളും മോശം കാര്യങ്ങളുമെഴുതൂ. വരുംവർഷം കൂടെ കൂട്ടേണ്ട കാര്യങ്ങളെന്തൊക്കെ എന്ന് കുറിച്ചുവയ്ക്കൂ. ഉപേക്ഷിക്കേണ്ടവ എന്തൊക്കെ എന്ന് കണക്കെടുക്കൂ.
4. പുതുവർഷ പ്ളാൻ തയ്യാറാക്കാം
അതെ, പുതുവർഷ പ്രതിജ്ഞ എടുക്കും മുമ്പ് അതിനായി ഒരു പദ്ധതി തയ്യാറാക്കാം. ആരോഗ്യം, ബന്ധങ്ങൾ, തൊഴിൽ, വ്യക്തിപരമായ വളർച്ച എന്നിവ ലക്ഷ്യമിട്ടിട്ടുള്ളതാവണം ഈ പ്ളാൻ. ഇതിന്റെ ഗുണമെന്തെന്നാൽ, ഈ പ്ളാനുണ്ടാക്കിയാൽ, അത് നടപ്പിലാക്കാൻ കഴിയുന്നതും അല്ലാത്തതും തിരിച്ചറിയാൻ കഴിയും. നടപ്പിലാക്കാൻ കഴിയാത്തവയ്ക്ക് വേണ്ടി നാം പരിശ്രമിക്കുകയും ചെയ്യും. ഒറ്റയടിക്ക് നന്നാകാൻ പറ്റുമെന്ന വ്യാമോഹം വേണ്ട. അതിനായി ഘട്ടംഘട്ടമായി പരിശ്രമിക്കാം. ഒരു മാസം ചെയ്യേണ്ട കാര്യങ്ങളിൽ തുടങ്ങി ഒരു വർഷത്തേക്കുള്ള പദ്ധതിയാണ് തയ്യാറാക്കേണ്ടത്.
5. ഒന്നും ബാക്കി വയ്ക്കേണ്ട
പുതുവർഷത്തെ പുതിയതായി തന്നെ വരവേൽക്കാം. ഈ വർഷം ചെയ്യാൻ ബാക്കി വച്ച കാര്യങ്ങളെല്ലാം ഈ വർഷം തന്നെ ചെയ്തു തീർക്കാം. അതു ജോലി സ്ഥലത്തായി കൊള്ളട്ടെ, വീട്ടിലായിക്കൊള്ളട്ടെ. കൊടുത്തു തീർക്കാനുള്ള കടം മുതൽ വായിച്ചുതീർക്കാനുള്ള പുസ്തകം വരെ ഈ ഗണത്തിൽപ്പെടുത്താം.
6. ലിസ്റ്റ് തയ്യാറാക്കി തുടങ്ങാം
2024ൽ ചെയ്യേണ്ടതെല്ലാം ലിസ്റ്റാക്കിക്കോളൂ. വായിക്കേണ്ട പുസ്തകങ്ങൾ, കണ്ടുതീർക്കേണ്ട സിനിമകൾ, അടുത്ത വർഷം നേടിയെടുക്കേണ്ട കാര്യങ്ങൾ, ചെയ്തു തീർക്കേണ്ട കാര്യങ്ങൾ, അങ്ങനെയങ്ങനെ ലിസ്റ്റ് നീളട്ടെ, 2024ൽ കൂടുതൽ കാര്യങ്ങൾ ചെയ്തു തീർക്കാനാകുമെന്ന് ഉറപ്പ്.
7. സ്വയം പരിപാലിക്കാം
ഇനിയൽപം സ്വന്തം കാര്യം നോക്കാം. ഈ വർഷം സ്വയം നിങ്ങളെങ്ങനെയായിരുന്നുവെന്ന് വിലയിരുത്തി നോക്കൂ. സ്വന്തം ആരോഗ്യവും സൗന്ദര്യവും സംരക്ഷിച്ചില്ലെന്ന് മാത്രമല്ല, എല്ലാ കാര്യങ്ങൾക്കും താനാണ് ഉത്തരവാദിയെന്ന് സ്വയം കുറ്റപ്പെടുത്തുകയുമുണ്ടായോ?. എങ്കിൽ അതുപേക്ഷിക്കാം. ഈ വർഷത്തിന്റെ അവസാനദിനങ്ങളിൽ സ്വയം കരുണ കാണിക്കൂ. എല്ലാത്തിനും നിങ്ങളല്ല ഉത്തരവാദി. ആ സാഹചര്യവും സന്ദർഭവുമായിരിക്കാം. മനസ്സ് മാത്രമല്ല, ശരീരവും നന്നായി ഒരുക്കാം. ബ്യൂട്ടി പാർലറിൽ പോയി ഒരു ഫേഷ്യൽ ചെയ്യൂ, മുടി വെട്ടൂ. അങ്ങനെയും 2023ന് ബൈ പറയാം.