×
ദിവസം അടിപൊളിയാക്കാൻ ശീലമാക്കാം ഈ ദിനചര്യകൾ

രാവിലെ എണീറ്റാൽ, എന്താന്നറീല്ല, എവിടെയാന്ന് അറീല സമയം ഒരൊറ്റ പോക്കാണ്. എണീക്കുന്നു, പ്രഭാതകർമ്മങ്ങൾ തീർത്ത് അടുക്കളയിലേക്ക് ഓടുന്നു, അല്ലെങ്കിൽ ഓഫീസിലേക്ക് പോകാൻ റെഡിയാവാൻ ഓടുന്നു. ഇങ്ങനെയാണോ കാലങ്ങളായി നിങ്ങളുടെ രാവിലെകൾ. എന്നാൽ, അടിമുടി മാറാൻ ദിനചര്യ ശീലമാക്കിയാലോ. ഓരോരുത്തരുടെയും ദിവസവും പണികളും അനുസരിച്ച് നിങ്ങൾക്ക് ഫലപ്രദമാകും വിധം ചര്യകൾ രൂപപ്പെടുത്താം.

1. ഉന്മേഷത്തോടെ ഉണരാം
മാറ്റം വേണമെന്ന് തോന്നിയാൽ ആദ്യം രാവിലെ ഉണരുന്നത് ശീലമാക്കാം. നേരത്തെ എഴുന്നേൽക്കുന്നത് കൊണ്ട് സമയം കൂടുതൽ കിട്ടും.  മാറ്റത്തിന് ആവശ്യമുള്ളതും സമയമാണ്. ഒരു സുപ്രഭാതത്തിൽ പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. അതിനായി മെല്ലെ ചുവടുകൾ വയ്ക്കാം. ഇപ്പോൾ എഴുന്നേൽക്കുന്നതിന് മുമ്പ് അരമണിക്കൂർ നേരത്തെ എഴുന്നേറ്റ് തുടങ്ങിക്കോളൂ. ആ സമയം നീട്ടിയെടുത്ത് നിങ്ങളാഗ്രഹിക്കുന്ന സമയത്ത് എത്തിപ്പെടാം.

2. രാവിലെ തയ്യാറാകാം
അടുക്കളയിൽ കയറി പണികളെല്ലാം ഒതുക്കിയതിന് ശേഷമേ പല്ല് തേയ്ക്കാൻ പോലും സമയം കിട്ടാറുള്ളോ?. നേരത്തെ എഴുന്നേറ്റാൽ  പല്ലുതേയ്ക്കാനും മുഖം വൃത്തിയാക്കാനും മറ്റുമായി അല്പസമയം കൂടുതൽ കിട്ടുമല്ലോ. രാവിലെ വീടിന്റെ കതക് തുറന്നാൽ ചമ്മലേതുമില്ലാതെ ആരെയും നോക്കി ചിരിക്കാം, സംസാരിക്കാം. മാത്രവുമല്ല, ആത്മവിശ്വാസം കൂടുകയും ചെയ്യും.

3. അടുക്കള വിസിറ്റ്
ഒരു ചെറിയ അടുക്കള വിസിറ്റ് നടത്തിക്കോളൂ. രണ്ട് ഗ്ലാസ് വെള്ളം കുടിക്കാം. ചായയോ കാപ്പിയോ കുടിച്ച് ശീലമുള്ളവർക്ക് അതിൽ തന്നെ ദിവസം തുടങ്ങാം. ആ ദിവസം കുടിക്കാനുള്ള വെള്ളം കുപ്പിയിൽ നിറച്ച് മാറ്റി വയ്ക്കാം. അപ്പോൾ പിന്നെ വെള്ളം കുടിക്കാൻ മറക്കില്ലല്ലോ. പിന്നെ, അടുക്കളയിൽ നിന്ന് പുറത്തേക്ക്.

4. വ്യായാമത്തിനായി വേണം മനസ്സ്
അര മണിക്കൂർ നേരത്തെ എഴുന്നേറ്റതല്ലേ. 5 മിനിട്ട് ഇൻസ്റ്റഗ്രാം നോക്കിക്കളയാം എന്ന് ചിന്തിക്കല്ലേ. എല്ലാ പണിയും കഴിഞ്ഞ് മാത്രം മൊബൈലിൽ തൊട്ടാൽ മതി. അരമണിക്കൂർ യോഗയും 5 മിനിട്ട് പുറത്ത് കാറ്റും വെളിച്ചവും കൊണ്ട് നടത്തവും. ദേഹമനങ്ങുന്നു എന്നതാണ് ഗുണം കൂടെ, ഭാരത്തിലുണ്ടാകുന്ന കുറവും. നടത്തം കഴിഞ്ഞ് 5 മിനിട്ട് വെറുതെയിരിക്കാം. അത് അന്നത്തെ ദിവസം എന്തൊക്കെ ചെയ്തു തീർക്കാനുണ്ട് എന്ന പ്ളാനിംഗിനായാണ്.

5. എഴുത്ത് പതിവാക്കാം
ഈ ആലോചിച്ച് വയ്ക്കുന്നത് നടന്ന് വീടിനകത്ത് കയറുമ്പോഴേക്കും മറന്നു പോകാം. എഴുതിപ്പഠിച്ചാൽ മറക്കില്ല എന്ന് കുഞ്ഞിലെ സ്കൂളിൽ നിന്ന് പറഞ്ഞിട്ടില്ലേ. അതുതന്നെ ഇവിടെയും ശരണം. എഴുതിവയ്ക്കുക. ചെയ്യാനുള്ള കാര്യങ്ങളെല്ലാം എഴുതി വയ്ക്കുക. എല്ലാം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താം. ഇനി ഒരു പാട്ടൊക്കെ കേട്ട് സമാധാനമായി ആ ദിവസത്തിലേക്ക് നടന്നു തുടങ്ങുവല്ലേ.