×
നല്ലശീലങ്ങൾക്കായി 7 ചെറിയ മാറ്റങ്ങൾ

ആ സോഫയിൽ നിന്ന് ഒന്ന് മാറി ഇരുന്നില്ലേൽ വേരുറച്ചു പോകും. അമ്മയുടെ വായിൽ നിന്ന് എപ്പോഴെങ്കിലും ഇങ്ങനെ വഴക്ക് കേട്ടിട്ടുണ്ടോ? ഒരു മാസം നീണ്ട പരിശീലനം കൊണ്ട് ആ മടിയങ്ങ് മാറ്റിയാലോ. ചെറിയ ശീലങ്ങളിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സ്വയം റെക്കമന്റ് ചെയ്യാവുന്ന ചില ആശയങ്ങൾ പങ്കുവയ്ക്കാം.  ഒരു മാറ്റവും പെട്ടെന്ന് ഉണ്ടാകില്ല. മാറ്റത്തിനും നിങ്ങൾക്കും അതിന്റേതായ സമയം കൊടുത്തുനോക്കൂ. ഒരു മാസം, ഫലമുണ്ടാകും ഉറപ്പ്.

വേണമെങ്കിൽ അരമണിക്കൂ‌‍ർ നേരത്തെ പുറപ്പെടാം
വെളുപ്പാൻ കാലം മൂടിപ്പുതച്ചുറങ്ങാൻ കൊതിയുള്ളവരാണോ?. നേരത്തെ എഴുന്നേൽക്കാൻ പല അടവും പയറ്റിത്തോറ്റോ? എങ്കിൽ ചെറിയൊരു ടെക്നിക് പറഞ്ഞു തരാം. വെറും അരമണിക്കൂർ നേരത്തെ എഴുന്നേൽക്കുക. ഏഴര എന്നത് ഏഴുമണിയാക്കുക എന്ന ഒരു ചെറിയ ശീലം. ഓരോ മാസവും അരമണിക്കൂ‌ർ നേരത്തെ. അങ്ങനെ ആഗ്രഹിക്കുന്ന സമയത്തിലേക്ക് എത്തിച്ചേരുക. എത്ര വിചാരിച്ചിട്ടും അലാറം വച്ചിട്ടും എഴുന്നേൽക്കാനാവില്ലെന്ന് കരുതുന്നുണ്ടോ. അതിന് വേണ്ട ചെറിയ തയ്യാറെടുപ്പുകൾ വേറെയുമുണ്ട്. ഇതിൽ തന്നെ വിശദീകരിച്ചിട്ടുണ്ട്.

ഒന്നനങ്ങിയേക്കാം
എന്തായാലും അരമണിക്കൂ‌ർ നേരത്തെ എഴുന്നേറ്റതല്ലേ. രാവിലെ ഇനിയെന്താ പരിപാടി. വളരെ സിംപിളും പവർഫുള്ളുമായ കാര്യം പറഞ്ഞു തരാം. ദേഹമനക്കുക. ചാടിക്കുത്തി മറിയേണ്ട കാര്യമൊന്നുമില്ല. വെറുതെ മുറ്റത്ത് ഒന്ന് നടക്കാനിറങ്ങിക്കോ. അതല്ലെങ്കിൽ വീടിനുള്ളിൽ ചെറിയ എക്സർസൈസോ യോഗയോ അങ്ങനെ എന്തെങ്കിലുമൊക്കെ. മെല്ലെ തുടങ്ങിയാൽ മതി. പത്തുമിനിട്ട് എങ്കിൽ അത്ര. താമസിയാതെ, അതിന്റെ ഫുൾഫോമിലേക്ക് എത്തിക്കൊള്ളും. ജീവിതശൈലീ രോഗങ്ങളെ പടിയ്ക്ക് പുറത്ത് നിർത്താൻ ഡോക്ട‌‌ർമാർ പറയുന്ന കാര്യമാണ്. അപ്പോ തുടങ്ങിയേക്കാം.  

ഉപ്പ് തിന്നില്ലേലും വെള്ളം കുടിയ്ക്കാം
ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നാണ് പഴമൊഴി. ഉപ്പ് തിന്നില്ലേലും വെള്ളം കുടിച്ചു കൊണ്ടേയിരിക്കാം. വെറുതെ കുടിച്ചാൽ പോര. അളന്ന് കുടിയ്ക്കണം. എട്ടുഗ്ലാസ് മിനിമം വെള്ളമെന്നാണ് കണക്ക്. 12 ഗ്ലാസ് കുടിക്കുന്നത് നല്ലത്. രണ്ടര ലിറ്റർ. വീട്ടിലും പുറത്തും ഒരു ലിറ്റർ വെള്ളത്തിന്റെ കുപ്പി കരുതുക. അത് രാത്രി അത്താഴത്തിന് മുമ്പ് മൂന്ന് തവണയെങ്കിലും നിറയ്ക്കുക. ഉറങ്ങുന്നതിന് മുമ്പ് അത് തീർക്കുക.

മിണ്ടാം, മനസ്സ് നിറയ്ക്കാം
മുമ്പ് എത്ര കൂട്ടുകാരുണ്ടായിരുന്നു, ഇപ്പോഴാരുമില്ല. ആ തോന്നൽ വന്നാൽ ഫോണെടുക്കുക, ഏറ്റവും അടുത്ത സുഹൃത്തിനെ വിളിക്കുക. അതാണോ പതിവ്. അതും മാറ്റിയേക്കാം. ഉണ്ടായിരുന്ന എല്ലാ കൂട്ടുകാരുടെയും ലിസ്റ്റെടുത്ത് വയ്ക്കാം. ഒരു ദിവസം ഒരു കൂട്ടുകാരിയെയോ കൂട്ടുകാരനെയോ ബന്ധുക്കളെയോ വിളിക്കുക. ആരും എവിടെയും പോയിട്ടില്ല എന്ന് തിരിച്ചറിയാം. എല്ലാവരും ജോലിയിലാണ്, തിരക്കിലാണ് എന്ന് കരുതിയാണ് വിളിക്കാതിരിക്കുന്നതെങ്കിൽ വാട്സ് ആപ്പിൽ ഒരു മെസേജ് അയച്ച് ഫ്രീ ആണെന്ന് ഉറപ്പു വരുത്തുകയോ ഫ്രീ ടൈം അറിയുകയോ ചെയ്യാം. അതല്ല, മറുപുറത്തെ ആൾക്ക് ഒരു സർപ്രൈസ് കോളാണ് സന്തോഷമെങ്കിൽ അങ്ങനെ.

കിടക്കയിൽ ഫോണില്ല
ഉറങ്ങാൻ കിടന്നാൽ ഫോൺ എടുക്കാതിരിക്കുക. ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ ഫോണിനെ ഉറക്കാം. സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോ‍ഡിലിടുകയോ സ്ഥലം മാറ്റി വയ്ക്കുകയോ അങ്ങനെ എന്തുവേണമെങ്കിലും ചെയ്യാം. വളരെ സമാധാനമായി ഉറങ്ങാൻ കഴിയുമെന്നതാണ് മെച്ചം. കണ്ണിനും മനസ്സിനും സുഖം. നല്ല ഉറക്കം കിട്ടിയാൽ രാവിലെ അരമണിക്കൂർ നേരത്തെ എഴുന്നേൽക്കുകയെന്നത് ഒരു ബുദ്ധിമുട്ട് ആവുകയുമില്ല.

അത്താഴത്തിന് ശേഷം നോ സോഷ്യൽമീഡിയ
കിടക്കയിൽ ഫോൺ കൊണ്ടുപോകില്ലെന്ന് ഉറപ്പാക്കണമെങ്കിൽ നമുക്ക് അതിനോടുള്ള അഡിക്ഷൻ കുറയണമല്ലോ. അഡിക്ഷൻ ഉണ്ടാക്കുന്നതെന്തൊക്കെയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വരുന്ന അടിപൊളി റീൽസ് കണ്ടുതുടങ്ങിയാൽ നിർത്തുന്നത് എങ്ങനെയല്ലേ. അതാണ് ആദ്യം മാറ്റേണ്ടത്. രാത്രി ഭക്ഷണം കഴിഞ്ഞാൽ പിന്നെ സോഷ്യൽ മീഡിയയിലേക്ക് കയറില്ലെന്ന് തീരുമാനിക്കാം. രാവിലെ പണികളെല്ലാം കഴിഞ്ഞേ പിന്നെ സോഷ്യൽമീഡിയയിലേക്ക് പ്രവേശിക്കാവൂ.

8 മണിക്കൂർ ഉറക്കം
അരമണിക്കൂ‌ർ നേരത്തെ എഴുന്നേൽക്കണമെങ്കിൽ ഉറക്കം പൂ‌ർണ്ണമാകണമല്ലോ. എത്ര മണിക്കാണ് എഴുന്നേൽക്കാൻ ഉദ്ദേശിക്കുന്നത് അതിനനുസരിച്ച് എട്ടുമണിക്കൂ‌ർ കണക്കാക്കുക. ഉദാഹരണത്തിന് രാവിലെ ഏഴുമണിക്ക് എഴുന്നേൽക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ രാത്രി 11 മണിക്ക് മുമ്പ് കിടക്കുക. 10 മിനിട്ട് ഉറങ്ങാനെടുത്തേക്കാം. ഫോണെല്ലാം ഉപേക്ഷിക്കുന്ന ആദ്യ ദിവസങ്ങളിൽ ഉറക്കം കിട്ടാൻ ബുദ്ധിമുട്ടും. ഫോണെടുക്കെടാ എന്ന് മനസ്സ് ഒരു ആയിരം തവണ പറയും. ഇത്തരം സന്ദർഭങ്ങളിൽ മനസ്സ് പറയുന്നത് കേൾക്കാനേ പാടില്ല. പകരം ഒരു പുസ്തകമെടുത്ത് 10 പേജ് വായിച്ചോളൂ. പോയ ഉറക്കം വണ്ടി വിളിച്ച് വരും.