×
15 വർഷം, 43 സിനിമകൾ  എങ്കിലും ഞാൻ പുതുമുഖം : സുധി കോഴിക്കോട്

മാത്യുവിന്റെ തങ്കനായുള്ള അന്വേഷണത്തിലായിരുന്നു കാതൽ, ദി കോർ ഇറങ്ങിയപ്പോൾ മുതൽ മലയാളി പ്രേക്ഷകർ. ജിയോ ബേബി എന്ന സംവിധായകൻ എവിടെ നിന്ന് കണ്ടെത്തി തങ്കനായ സുധി കോഴിക്കോട് എന്ന കലാകാരനെ എന്ന് എല്ലാവരും ഒരുപോലെ അത്ഭുതപ്പെട്ടു. എന്നാൽ, കഴിഞ്ഞ 15 വർഷമായി മലയാള സിനിമയിൽ അഭിനയിക്കുന്ന, 43 സിനിമകളുടെ ഭാഗമാണ് ഈ കലാകാരൻ. സിനിമയിൽ ഒന്നു മുഖം കാട്ടാൻ തള്ളവിരലിൽ ഏന്തി നിന്ന് അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും കാതലിൽ താൻ പുതുമുഖം തന്നെയാണെന്ന് പറയുകയാണ് സുധി കോഴിക്കോട്. കാതൽ സിനിമയുടെ ഭാഗമായതിനെ കുറിച്ചും സിനിമാജീവിതത്തെ കുറിച്ചും മ്യൂസുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.


തങ്കൻ ആകാൻ അവസരം കൈവന്നത് എങ്ങനെയാണ്?

കഥ കേട്ടപ്പോൾ തങ്കനാകാൻ എന്റെ മുഖമാണ് ഓർമ്മ വന്നതെന്ന് ജിയോ അഭിമുഖത്തിൽ പറഞ്ഞു കേട്ടിരുന്നു. എന്നാൽ, അങ്ങനെ മുഖം ഓർമ്മ വരണമെങ്കിൽ അത് രജിസ്റ്റർ ചെയ്യപ്പെടണമല്ലോ. അതിന് കാരണമായത് അദ്ദേഹവുമായുള്ള സൗഹൃദം തന്നെയാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങി ജിയോടെ കൂടെ നാലാമത്തെ ചിത്രമാണിത്. പക്ഷേ, പത്തുവർഷമായിട്ടുള്ള സൗഹൃദമാണ്. ജിയോ എന്നെ വിളിച്ചാൽ ആ സിനിമയിലെ വേഷം എന്താണെന്ന് പോലും ഞാൻ ചോദിക്കാറില്ല.  ഈ വേഷം ചെയ്താൽ പൊളിറ്റിക്കലി എന്തെങ്കിലും പ്രശ്നം വരുമോ, നാളെ എന്തെങ്കിലും കുഴപ്പത്തിലേക്ക് പോകുമോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് അഭിനയിക്കാൻ അതിയായ അഭിനിവേശമുണ്ട്. അത് അദ്ദേഹത്തിന് അറിയാം. ഇത്രകാലത്തെ സിനിമായാത്രയിൽ എനിക്ക് അഭിനയിക്കാൻ വലിയൊരു വേഷം തരാനുള്ള ഒരാളായി ഞാൻ കണ്ടതും ജിയോയെ തന്നെയാണ്. കാലിബർ ഉള്ള ആളുകളെ കൂടെക്കൂട്ടുന്ന ആള് കൂടിയാണ് ജിയോ.


ആളുകൾ തിരിച്ചറിയപ്പെടുന്ന സിനിമ കാതൽ ആണോ?

നാട്ടുകാർക്ക് എന്നെ കണ്ടാൽ മനസ്സിലാകാറുണ്ട്. കോഴിക്കോട് ജില്ലയിലെ ആളുകൾക്ക് എന്നെ അറിയാം. ഷോട്ട് ഫിലിം ഹിറ്റായത് കൊണ്ട് തിരിച്ചറിയാറുണ്ട്. പിന്നെ, ഫ്രീഡം ഫൈറ്റിലെ സ്രിന്ദയുടെ കൂടെയുള്ള സീൻ റീൽസ് ആയി കുറേ കറങ്ങിയതുകൊണ്ട് ചിലരൊക്കെ തിരിച്ചറിയാറുണ്ടായിരുന്നു. പക്ഷേ, ആളുകൾ പെട്ടെന്ന് മറന്നു പോകും. എവിടെയൊക്കെയോ കണ്ട് പരിചയമുണ്ടല്ലോ എന്ന് ട്രെയിനിൽ വച്ചൊക്കെ ആളുകൾ ചോദിച്ചിട്ടുണ്ട്. വഴിയിൽ നിന്ന് കണ്ടാൽ പെട്ടെന്ന് ആളുകൾക്ക് മനസ്സിലാകുന്ന ആദ്യത്തെ സിനിമ ഒരുപക്ഷേ, കാതൽ തന്നെയാവും. ക്ളോസ് അപ്പ് ഷോട്ടുകളിൽ മുഖം വന്നാലല്ലേ ആളുകൾക്ക് അത് രജിസ്റ്ററാകൂ. അങ്ങനെ എനിക്ക് നിറയെ ക്ലോസ് അപ്പ് ഷോട്ടുകൾ കിട്ടിയ സിനിമയാണ് ഇത്. തീയേറ്റർ വ്യൂവർഷിപ്പ് കിട്ടിയ സിനിമകളിൽ അഭിനയിച്ചത് കുറവാണ്. ഉണ്ടെങ്കിൽ തന്നെ അതിൽ എന്നെ തിരിച്ചറിയാൻ പാകത്തിലുള്ള വേഷമൊന്നും ചെയ്തിട്ടില്ല. ആ കണക്കിന് നോക്കിയാൽ ഞാൻ പുതുമുഖമാണ്. ഫ്രഷ് ഫേസ് എന്ന് പറയാം.


കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ഭയമുണ്ടായിരുന്നോ?

കഥാപാത്രം ഹോമോസെക്ഷ്വലാണെന്നൊന്നും തുടക്കത്തിൽ പറഞ്ഞിരുന്നില്ല. ഒരു സാധനം സെറ്റാക്കാൻ നോക്കുന്നുണ്ട് എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. പിന്നെ വെർബലായി ചില സീൻസിലേക്കാണ് പോകുന്നത്. ആ സീനിൽ എന്താണ് വേണ്ടത് എന്നൊക്കെ. അങ്ങനെ കണ്ടന്റ് പറഞ്ഞപ്പോൾ ഇത്തരം കമ്മ്യൂണിറ്റിയെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചു. ഇത്തരത്തിലൊരാളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നൊക്കെ. ഒരു അഭിനേതാവ് എന്ന നിലയിൽ ഈ വേഷം ചെയ്താലുള്ള വരുംവരായ്കകളെ കുറിച്ച് ഞാൻ ആശങ്കപ്പെട്ടിരുന്നില്ല, അഭിനയിക്കാൻ എന്തുണ്ട് എന്ന് മാത്രമേ നോക്കിയുള്ളൂ.


തങ്കൻ ആകാൻ നടത്തിയ തയ്യാറെടുപ്പുകളെന്തൊക്കെ ആയിരുന്നു?

ഓഡിഷൻ ആണെന്ന് പറയാതെ എന്നെ ഓഡിഷന് വിളിപ്പിച്ചിരുന്നു. ജിയോടെ ഉള്ളിൽ എനിക്ക് പറ്റും എന്നുണ്ടായിരുന്നു. അത് മറ്റുള്ളവരെ, അതായത് റൈറ്റേഴ്സ്, മമ്മൂക്ക എന്നിവരെയൊക്കെ ബോധ്യപ്പെടുത്തണമല്ലോ. അമൽ ആയിരുന്നു മേക്കപ്പ് മാൻ. അമലിനെ എനിക്ക് നേരത്തെ അറിയാം. ഓഡിഷന് വിളിപ്പിച്ചപ്പോൾ ഞാൻ ഡൈ ഒക്കെ അടിച്ച്, ടീ ഷർട്ട് ഒക്കെ ഇട്ട് മിനുങ്ങിയാണ് പോയത്. അത് കണ്ടപ്പോൾ അവർ കൺഫ്യൂസ്ഡ് ആയി എന്നെ എങ്ങനെ അഭിനയിപ്പിക്കും എന്ന്. എന്റെയുള്ളിൽ ജിയോ അഭിനയിക്കാൻ വിളിക്കുന്നു എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ 'മമ്മൂക്കയും ജ്യോതിക മാമും ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വേഷത്തിലേക്കാണ് എന്നെയും നോക്കുന്നത്' എന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് മേക്കപ്പ് ടെസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. അതോടെ ടെൻഷനായി. വീട്ടിലേക്ക് തിരികെ പോകാതെ, ഇവരെ ആരെയും അറിയിക്കാതെ എറണാകുളത്ത് റൂമെടുത്ത് താമസിച്ചു. എവിടെയും പോകാൻ തോന്നുന്നില്ല. മുമ്പ് ഇതുപോലെ നല്ല വേഷം വന്ന് അവസാന നിമിഷം കയ്യീന്ന് പോയ രണ്ട് ഹിറ്റ് ചിത്രങ്ങളുണ്ട്. അങ്ങനെ, റൂമിലിരുന്ന് ഫ്രഷ് ഫേസ് ഒക്കെ കളഞ്ഞ്, കുറേ ഫോട്ടോസ് നിരന്തരം അയച്ചു കൊണ്ടേ ഇരുന്നു. മുടിയിൽ എണ്ണയൊക്കെ ഇട്ട് കഷണ്ടിയൊക്കെ കാണിച്ചുള്ള ഫോട്ടോസുൾപ്പെടെ. അവസാനം, 'സുധിയേട്ടാ മതി. ഇതെല്ലെങ്കിൽ വേറെ നോക്കാം' എന്ന് ജിയോ പറഞ്ഞു. അതോടെ, എന്റെ പ്രതീക്ഷ പോയി. ഞാൻ തിരികെ വീട്ടിലേക്ക് പോകാൻ വണ്ടി കയറി. വഴിയിലെത്തിയപ്പോൾ 'നാളെ മേക്കപ്പ് ടെസ്റ്റ് വച്ചാലോ' എന്ന് ജിയോ വിളിച്ചു ചോദിച്ചു. അതോടെ, ഞാൻ അമലിനെ ഞാൻ വിളിച്ച് 'നീ എന്തെങ്കിലും മാജിക്ക് കാണിച്ച് എന്നെ മാറ്റി താ' എന്ന് പറഞ്ഞു. അപ്പോൾ, അമൽ പറഞ്ഞു, "രണ്ട് മൂന്ന് സ്കെച്ച് ഞാൻ കാണിച്ചിട്ടുണ്ട്. അത് പുള്ളിക്ക് ഇഷ്ടായിന്ന് തോന്നുന്നുണ്ട്. നാളെ ധൈര്യപൂർവ്വം വാ", എന്ന്. അങ്ങനെ, അമലിന്റെ കൈവിരുതിൽ ഞാൻ തങ്കനായി. പിന്നെ പ്രായം, കോട്ടയം സ്ളാങ് ഒക്കെയായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. നാൽപതുകളിലുള്ള ഞാൻ അൻപതുകാരനാകണം. നാടകത്തിൽ അഭിനയിച്ചതു കൊണ്ട് അത് വലിയ പ്രശ്നമല്ലെന്ന് തോന്നിയിരുന്നു. 15 വർഷം കൊണ്ടുണ്ടായ എക്സ്പീരിയൻസ് കൊണ്ട് കറക്ട് മീറ്റർ പിടിക്കാനാകുമായിരുന്നെങ്കിലും അത് തങ്കനിലേക്ക് കൊണ്ടു വരാൻ ബുദ്ധിമുട്ടി. എന്നിൽ നിന്ന് തങ്കനെ എടുക്കാൻ ഏറ്റവും കഷ്ടപ്പെട്ടത് ജിയോ ആയിരിക്കും.


നഷ്ടപ്പെട്ട് പോയ ചിത്രങ്ങളെ ഓർത്ത് സങ്കടമുണ്ടോ?

ഒരിക്കലുമില്ല. നല്ലതിന് വേണ്ടിയല്ലേ. ഇതിന്റെ അത്ര മികച്ച ഒരു വേഷവും എനിക്ക് ഇതുവരെ വന്നിട്ടില്ല. കയ്യിൽ നിന്ന് പോയ ചിത്രങ്ങളിലെ വേഷങ്ങൾ വേറെയും സിനിമാ അവസരങ്ങൾ ഉണ്ടാക്കി തന്നേനെ. പക്ഷേ, തങ്കന്റെ അത്ര പ്രാധാന്യമുള്ള വേഷങ്ങളായിരുന്നില്ല അവ. എല്ലാം നല്ലതിന് വേണ്ടി എന്ന് പറയില്ലേ. എന്റെ കാര്യത്തിലും ഈ കഥാപാത്രം തേടി വരാനായിരുന്നു ആ ചിത്രങ്ങൾ എനിക്ക് കിട്ടാതെ പോയത്.


തങ്കനെ പോലെ പാവമാണോ ജീവിതത്തിലും?

പാവമാണെന്ന് തോന്നുന്നു. സെൻസിറ്റിവിറ്റി കൂടുതലാണ്. പെട്ടെന്ന് ചൂടാകും, കരയും, സങ്കടം വരും, ചിരിക്കും. ആക്ടിംഗിന് സെൻസിറ്റിവിറ്റി നല്ലതാണെന്ന് പറയുന്നു. എന്നാൽ, അത് കൂടുതൽ ആയാൽ ജീവിതത്തിൽ പ്രശ്നമാകുമെന്ന് തോന്നുന്നു.


സിനിമയിലേക്ക് വന്നത് എങ്ങനെയാണ്?

സിനിമയുടെ ഗ്ളാമർ തന്നെയാണ് സിനിമയിലേക്ക് ആകർഷിച്ചത്. പണ്ടുമുതലേ നാടകങ്ങളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അതിൽ, പ്രൊഫഷണൽ നാടകങ്ങളും എക്സ്പിരിമെന്റ് നാടകങ്ങളും ഉൾപ്പെടെ എല്ലാതരം നാടകങ്ങളും ചെയ്തിരുന്നു. സ്വാഭാവികമായും സിനിമയിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു.  2008ൽ സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചായിരുന്നു തുടക്കം. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിനായി ഒരുപാട് അലഞ്ഞിട്ടുണ്ട്. ചെയ്ത പല നല്ല വേഷങ്ങളും അവസാന എഡിറ്റിം​ഗിൽ കട്ട് ചെയ്ത് പോയിട്ടുണ്ട്. ചിലത് ഇപ്പോൾ കിട്ടുമെന്ന അവസ്ഥയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, എല്ലാ ലൊക്കേഷനിലുണ്ടായതും ഓരോ ജീവിതാനുഭവമാണ്. 


കുടുംബം?

കോഴിക്കോട് ബാലുശ്ശേരിയിലാണ് വീട്. വീട്ടിൽ അച്ഛനും ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യ ബവിത. മക്കൾ ദേവാം​ഗ്, ധൻവിൻ. കോഴിക്കോട് ജില്ലയിൽ പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥനാണ്. ഭാര്യ ഭയങ്കര എക്സൈറ്റഡ് ആണ്. ആറു വയസുകാരനായ ചെറിയ മോന് കണ്ടപ്പോൾ വിഷമമായി. അവൻ സിനിമയെക്കുറിച്ചുള്ള സംശയങ്ങൾ ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുകയാണ്. മൂത്ത മകൻ എന്നോട് ചോദിച്ചു ​അച്ഛൻ ഗേ ആണല്ലേ എന്ന്. അവൻ ഏഴാംക്ളാസിലാണ്. ​ഗേ എന്നതിനെക്കുറിച്ച് എന്തറിയാം എന്ന് ചോദിച്ചപ്പോൾ അതൊക്കെ അറിയാം എന്നായിരുന്നു അവന്റെ ഉത്തരം. അവരുടെ സൗഹൃദതലത്തിൽ ഇത്തരം ചർച്ചകൾ നടക്കുന്നുണ്ട്. അത് നല്ലതാണോ മോശമാണോ എന്ന് അറിയില്ല. അതുകൊണ്ട് അവനെ വിളിച്ചിരുത്തി കമ്മ്യൂണിറ്റിയെക്കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു. ഈ വേഷം ചെയ്തതു കൊണ്ടുമാത്രമാണ് അവനുമായി അത്തരം ഒരു ചർച്ച നടത്താൻ എനിക്കായത്. അതും സന്തോഷമാണ്.