ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഫ്ലാറ്റുകളിലേക്ക് കുടിയേറാൻ മലയാളി ശീലിച്ചു കഴിഞ്ഞുവെങ്കിലും സ്വന്തം ഭൂമിയിൽ ചെറുതെങ്കിലും ഒരു വീട് വച്ചുയർത്താൻ കൊതിക്കാത്തവരായി ആരുമില്ല. ഒരു വീട് സ്വപ്നം കാണുന്നുണ്ടെങ്കിൽ ഭവനനിർമ്മാണത്തിലെ ട്രെൻഡ് ആയ സുസ്ഥിര പാർപ്പിട നിർമ്മാണം എന്താണെന്ന് അറിയാം.
ചുട്ടെടുക്കാത്ത മൺഇഷ്ടികകൾ, തടി, കുമ്മായം എന്നിവ ഉപയോഗിച്ച് വീടുണ്ടാക്കിയിരുന്ന, സമ്പന്നമായ ഭവനനിർമ്മാണ ചരിത്രമുണ്ട് കേരളത്തിന്. എന്നാൽ, സിവിൽ എഞ്ചിനീയറിംഗ് രീതികളെത്തിയതോടെ ഭൂരിഭാഗം കെട്ടിടങ്ങളും ഇഷ്ടിക, മോർട്ടാർ, സിമന്റ്, കോൺക്രീറ്റ് എന്നിവയിലേക്ക് കൂടുമാറി. എൺപതുകളിൽ ലോറി ബേക്കറിന്റെ ചെലവ്കുറഞ്ഞ നിർമ്മാണ മാതൃകയുടെ വരവ് ഒരു ബദൽ സൃഷ്ടിച്ചെങ്കിലും ഇഷ്ടികയും മോർട്ടാർ നിർമ്മാണരീതികളും വഴിമാറിയില്ല. പരിസ്ഥിതിയെക്കുറിച്ച് കാലക്രമേണ ഉണ്ടായ അവബോധമാകാം ആർക്കിടെക്റ്റുകളും നിർമ്മാതാക്കളും പരിസ്ഥിതി സൗഹൃദ സാമഗ്രികൾ, ഊർജ്ജ-കാര്യക്ഷമമായ ഡിസൈനുകൾ, ഗ്രീൻ ബിൽഡിംഗ് ടെക്നിക്കുകൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള നിർമ്മാണ രീതികളിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ്. പരമ്പരാഗത കെട്ടിട നിർമ്മാണ രീതികൾ നിലനിൽക്കുന്നുണ്ടെങ്കിലും സുസ്ഥിരമായ പുത്തൻ രീതികളെ അവലംബിക്കുന്നത് കേരളത്തിൽ പരിസ്ഥിതിയോട് കൂടുതൽ ഇണങ്ങിയതും കാലാവസ്ഥാമാറ്റങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ ഭവനങ്ങൾ ഉയർന്നുവരുമെന്ന പ്രതീക്ഷയുണർത്തുന്നു.
സുസ്ഥിര ഭവനനിർമ്മാണം
പുത്തൻ ട്രെൻഡ്
പരിസ്ഥിതി സംരക്ഷണത്തിനും ഊർജ്ജ കാര്യക്ഷമതയ്ക്കും പ്രാധാന്യം കൊടുത്തുള്ള ഭവന നിർമ്മാണ രീതിയാണ് സുസ്ഥിര ഭവന നിർമ്മാണം. സുഖപ്രദമായ താമസസ്ഥലം ഒരുക്കുമ്പോൾ തന്നെ, പ്രകൃതി വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി വീടിനെ പരിസ്ഥിതിയുമായി ഇണക്കുന്ന നൂതനമായ കണ്ടുപിടുത്തങ്ങൾ ഉൾപ്പെടുത്തിയാണ് നിലവിൽ ആർക്കിടെക്ടുകൾ പ്ളാൻ തയ്യാറാക്കുന്നത്. പരിസ്ഥിതി സംരക്ഷണം, വിഭവശേഷി, താമസക്കാരുടെ ക്ഷേമം എന്നിവ ഉൾക്കൊണ്ടാണ് സുസ്ഥിര ഭവന സമ്പ്രദായം രൂപകല്പന ചെയ്തിട്ടുള്ളത്. സാങ്കേതിക പുരോഗതിയും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധവും വർദ്ധിക്കുന്നതിനാൽ സുസ്ഥിര ഭവന നിർമ്മാണമാകും ഭാവിയിലെ വീടുകളെ രൂപപ്പെടുത്തുകയെന്നതിൽ സംശയിക്കേണ്ടതില്ല.
വർഷം കഴിയുന്തോറും വർദ്ധിച്ചു വരുന്ന ചൂട് കാരണം ഓരോ മുറിയിലും ഫാനിന് പുറമെ എയർ കണ്ടീഷണർ എന്ന നിലയിലേക്കാണ് കോൺക്രീറ്റ് വീടുകളുടെ പോക്ക്. നിലവിൽ ഇതിനൊരു മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സുസ്ഥിര ഭവന നിർമ്മാണത്തിൽ ആർക്കിടെക്ടുകൾ നടത്തുന്നത്. കൃത്രിമ ശീതീകരണത്തിന്റെയും വെളിച്ചത്തിന്റെയും ആവശ്യം കുറയ്ക്കുന്നതിന് പ്രകൃതി വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്ന പാസീവ് ഡിസൈൻ തത്വമാണ് അതിന് അവരെ സഹായിക്കുന്നത്. സ്ട്രാറ്റജിക് ഓറിയന്റേഷൻ, യുപിവിസി നിർമ്മിതമായ മികച്ച ജനാലകൾ, പ്രകൃതിദത്തമായ വെളിച്ചവും വെന്റിലേഷനും ഉള്ളിലെത്തിക്കാനായി സഹായിക്കുന്ന നിർമ്മാണ സാമഗ്രികൾ, വീടുകളുടെ മൊത്തത്തിലുള്ള ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കൽ തുടങ്ങിയവ സമന്വിപ്പിച്ചാണ് ആർക്കിടെക്ടുകൾ ആ ലക്ഷ്യം നിറവേറ്റുന്നത്.
പരിസ്ഥിതി സൗഹൃദ സാമഗ്രികളുടെ ഉപയോഗം സുസ്ഥിര പാർപ്പിട വാസ്തുവിദ്യയിലെ മറ്റൊരു പ്രധാന പ്രവണതയാണ്. പുനരുപയോഗിക്കപ്പെടുന്ന മരം, മുള, സ്റ്റീൽ കൂടാതെ പാരിസ്ഥിതിക ആഘാതം കുറഞ്ഞ മറ്റ് നിർമ്മാണവസ്തുക്കൾ എന്നിവ ഉപയോഗപ്പെടുത്തുകയാണ് ഇതിൽ ചെയ്യുന്നത്. ഇത് പ്രകൃതി വിഭവങ്ങൾ ഇല്ലാതാകുന്നത് കുറയ്ക്കുക മാത്രമല്ല, നിർമ്മാണ സമയത്ത് മാലിന്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
ഒരു വീട് മുഴുവനായി പൊളിച്ചു കളഞ്ഞ് പുത്തൻ വീട് വയ്ക്കുന്നതിന് പകരം മാലിന്യവും പാരിസ്ഥിതിക ആഘാതവും കുറയ്ക്കുന്ന, വീട് വയ്ക്കുന്ന ആളിന്റെ ആവശ്യത്തിന് അനുസരിച്ച് പുനരുപയോഗവും നവീകരണവും ചെയ്യുക എന്നതും ഇത്തരം ഭവന നിർമ്മാണത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു. പഴയ കെട്ടിടങ്ങളെ ഊർജ-കാര്യക്ഷമമായ ഭവനങ്ങളാക്കി മാറ്റുന്നതിലൂടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്നു.
സുസ്ഥിര പാർപ്പിട വാസ്തുവിദ്യയുടെ അവിഭാജ്യ ഘടകമാണ് കാര്യക്ഷമമായ ജല ഉപഭോഗ രീതികൾ. ജല ഉപഭോഗം കുറയ്ക്കുന്നതിനായി മഴവെള്ള സംഭരണ സംവിധാനങ്ങൾ, ഗ്രേ വാട്ടർ റീസൈക്ലിംഗ്, ലോ-ഫ്ലോ ഫിക്ചർ എന്നിവ ഉപയോഗപ്പെടുത്തുന്നു. ജലസേചനത്തിന്റെ ആവശ്യകത കുറയ്ക്കുന്നതിന് അനുസരിച്ചുള്ള ലാൻഡ്സ്കേപ്പിംഗ് ഡിസൈനുകളും പ്രയോഗത്തിൽ വരുത്തുന്നു.
ഊർജ്ജം ഉത്പാദിപ്പിക്കുന്ന
നെറ്റ്-സീറോ എനർജി ഹോം
ഉപഭോഗം ചെയ്യുന്ന അത്രയും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന തരത്തിൽ രൂപകൽപന ചെയ്യപ്പെട്ട വീടുകളാണ് നെറ്റ്-സീറോ എനർജി ഹോം. സോളാർ പാനലുകൾ, കാറ്റ് ടർബൈനുകൾ, ഊർജ്ജ-കാര്യക്ഷമമായ വീട്ടുപകരണങ്ങൾ തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ സംയോജനത്തിലൂടെയാണ് ഇത് കൈവരിക്കുന്നത്. സാങ്കേതികവിദ്യയിലെ പുരോഗതിയും പുനരുപയോഗ ഊർജ സംവിധാനങ്ങളുടെ ചെലവ് കുറയുന്നതും നെറ്റ് സീറോ എനർജി ഹോമുകളെ കൂടുതൽ പ്രായോഗികവും ജനപ്രിയവുമാക്കുന്നു.
താമസിക്കുന്നവരുടെ സന്തോഷം വർദ്ധിപ്പിക്കുന്ന, പ്രകൃതിയെ വീടിനുള്ളിൽ എത്തിക്കുന്ന തരത്തിലുള്ള ബയോഫിലിക് രൂപകല്പനയ്ക്കും ഇപ്പോൾ ഇഷ്ടക്കാരേറെയാണ്. ഇതിനായി പച്ചമേൽക്കൂരകൾ, വെർട്ടിക്കൽ ഗാർഡനുകൾ, പ്രകൃതിദൃശ്യങ്ങളിലേക്ക് തുറക്കുന്ന വലിയ ജനാലകൾ തുടങ്ങിയവയെ ആണ് ആർക്കിടെക്ടുകൾ ആശ്രയിക്കുന്നത്. ഇത് വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, താമസിക്കുന്നവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും സഹായിക്കുന്നു.
തയ്യാറാക്കിയത്:
എൻ.എസ് അഭയകുമാർ
ആർക്കിടെക്ട്
തിരുവനന്തപുരം