ഏറ്റവും പ്രിയപ്പെട്ടൊരാൾ ഐ.സി.യുവിൽ ആണെന്ന് അറിയുന്ന നിമിഷം എന്തെല്ലാം ചിന്തകളിലൂടെ നാം കടന്നുപോകും. എന്താണ്, എന്തിനാണ് ഐസിയു എന്ന് അത്തരം സന്ദർഭത്തിൽ ഒരിക്കലെങ്കിലും നാം ചിന്തിച്ചിരിക്കില്ലേ. ശരിക്കും എന്താണ് ഐ.സി.യുവിനകത്ത് സംഭവിക്കുന്നത്?
ഗുരുതരമായ ഒരു രോഗത്താൽ, സ്‌ട്രോക്ക്, ഹാർട്ട് അറ്റാക്ക്, ആക്‌സിഡന്റ്, തീവ്രമായ അണുബാധകൾ, അങ്ങനെ എന്തുമാകട്ടെ ഇവയ്‌ക്കെല്ലാം അനുനിമിഷം കൃത്യതയോടെയുള്ള പരിചരണവും നിരീക്ഷണവും ആവശ്യമാണ്. ഇതിന് ആവശ്യമായ സജ്ജീകരണങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോക്‌ടർമാരും നേഴ്‌സുമാരും മറ്റു അനുബന്ധ സ്റ്റാഫുകളും ഉള്ള യൂണിറ്റ് ആണ് ഓരോ ഐ.സി.യും. നൂതനമായ ജീവൻ രക്ഷാ ഉപകരണങ്ങളും മരുന്നുകളും ഇപ്പോൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. ചെറിയ ഓപ്പറേഷൻ പോലും ഇപ്പോൾ അഡ്‌മിറ്റ് ആവാതെ ചെയ്യാൻ സജ്ജമായ ആശുപത്രികൾ ചെറുപട്ടണങ്ങളിൽ പോലും നമുക്കുണ്ട്. അതിനാൽ പല ചെറിയ രോഗങ്ങൾക്കും ഇപ്പോൾ ആശുപത്രിവാസം ആവശ്യമാകുന്നില്ല. എന്നിട്ടും വർഷങ്ങൾക്ക് മുമ്പ് 100ന് 5 എന്നതായിരുന്നു ആശുപത്രികളിൽ ഐ.സി.യു ബെഡുകളുടെ അനുപാതമെങ്കിൽ ഇപ്പോഴത് 15 മുതൽ 20 വരെയായിട്ടുണ്ട്. എന്തായിരിക്കാം ഈ വർദ്ധനയ്‌ക്ക് കാരണം. ജനസംഖ്യയിൽ വയോജനങ്ങളുടെ അനുപാതം കൂടുന്നതും ജീവിതശൈലീ രോഗങ്ങൾ കൂടുതലാകുന്നതും പ്രതിരോധശേഷിയുള്ള ബാക്‌ടീരിയകളും വൈറൽ ഇൻഫെക്ഷൻ കൂടുന്നതുമെല്ലാം ഇതിന് കാരണങ്ങളാണ്.
എന്തിനാണ് ഐ.സി.യു ചികിത്സ
ഒരു ഉദാഹരണസഹിതം വ്യക്തമാക്കാം. അമിതമായ മദ്യപാനം മൂലം ലിവർ ഫെയിലിയർ ഉള്ള ഒരു രോഗി അഡ്‌മിറ്റായി എന്ന് വിചാരിക്കുക. അദ്ദേഹത്തിന് ഡെലിറിയം, അണുബാധകൾ, കിഡ്നിയുടെ പ്രവർത്തനം നിലയ്ക്കുക, ഹൃദ സ്തംഭനം, രക്തം ഛർദ്ദിക്കൽ, അമിതരക്തസ്രാവം എന്നിങ്ങനെ പല അവയവങ്ങളുടെയും സങ്കീർണ്ണതകൾ ഉണ്ടാകാം. മാത്രമല്ല, ഇതെല്ലാം മിനിട്ടുകൾക്കുള്ളിൽ സംഭവിക്കാനും സാധ്യതയുണ്ട്. ഇതുപോലെ തന്നെയാണ് തീവ്രമായ അണുബാധ, സ്ട്രോക്ക്, കിഡ്നി തകരാർ, ഹൃദയ സ്തംഭനം എന്നിങ്ങനെയുള്ള അപകടകാരികളായ പല അസുഖങ്ങളുടെയും അവസ്ഥ. ഒരേസമയം പല അവയവങ്ങളുടെയും പ്രവർത്തനം നിരീക്ഷിക്കാനും അവയിലുണ്ടാകുന്ന വ്യതിയാനങ്ങൾ വളരെ നേരത്തെ കണ്ടുപിടിക്കാനും കഴിയുന്ന സാങ്കേതിക വിദ്യകൾ ഇന്ന് ലഭ്യമാണ്. പലരീതികളിലുള്ള കൃത്രിമ അവയവപ്രവർത്തനങ്ങൾ (ഓർഗൻ സപ്പോർട്ട്) ഐ.സി.യുവിൽ ലഭ്യമാണ്. ഇത്തരം നൂതനസാങ്കേതിക വിദ്യകളുപയോഗിച്ച് രോഗിക്കുണ്ടാവുന്ന പ്രശ്നങ്ങൾ വളരെ നേരത്തെതന്നെ മനസ്സിലാക്കി അടിയന്തര ചികിത്സ നൽകാൻ പ്രത്യേക പരിശീലനം വേണം. മാത്രമല്ല, ഇത്തരം പരിശീലനമുള്ള ഡോക്‌ടറുടെ സേവനം 24 മണിക്കൂറും അവിടെ ആവശ്യമാണ് താനും. രോഗിയുടെ പ്രൈമറി സ്‌പെഷ്യലിസ്റ്റിനെ രോഗാവസ്ഥ ബോധ്യപ്പെടുത്തി തുടർചികിത്സ പ്ലാൻ ചെയ്യുന്നതും ഒരു ഐ.സി.യു ഡോക്‌ടറുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്.
ഐ.സി.യു രോഗികളുടെ ചികിത്സയ്‌ക്ക് പല തലങ്ങളുണ്ട്. ചില രോഗാവസ്ഥയിൽ നിന്ന് രോഗിയ്ക്ക് ജീവിതത്തിലേയ്‌ക്ക് ഒരു തിരിച്ചുവരവ് സാധ്യമാകില്ല. ഇത്തരം രോഗികൾക്കും പ്രായാധിക്യം ഏറെയായവർക്കും ആവശ്യമായ പാലിയേറ്റിവ് കെയർ ലഭ്യമാക്കുന്നതും ബന്ധുകൾക്ക് ആവശ്യമായ ഉപദേശവും പിന്തുണയും നൽകുന്നതും ഐ.സി.യു ഡോക്‌ടറുടെയും ജീവനക്കാരുടെയും ചുമതലയിൽപ്പെടും.
ഉറ്റവർ ഐ.സി.യുവിലായാൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ
രോഗിയുടെ നന്മയ്ക്കായി വളരെ അടുത്ത കുറച്ചുപേർ മാത്രം രോഗിയെ സന്ദർശിക്കുക
കഴിവതും ഒരേ ആൾതന്നെ ദിവസവും ഡോക്‌ടറോട് സംസാരിക്കുക. വ്യക്തമായ ധാരണ കിട്ടാൻ ഇത് സഹായിക്കും. ബാക്കിയുള്ളവർക്ക് കൂടെ പോകുന്നതിന് വിരോധമില്ല.
ഡോക്‌ടറോട് സംസാരിക്കുന്നതിന് മുമ്പ് എല്ലാവരുടേയും സംശയങ്ങൾ എഴുതിവെയ്‌ക്കുക. സമയമെടുത്ത് സംശയനിവാരണം ചെയ്യുക.
രോഗിയുടെ ദിവസേനെയുള്ള പ്രഷർ, ഷുഗർ, ഓക്സിജൻ മരുന്നുകൾ, വെന്റിലേറ്റർ, ഡയാലിസിസ് ഉപകരണങ്ങളുടെ ആവശ്യകത, പ്രവർത്തനം എന്നിവയെപ്പറ്റി കൃത്യമായി ചോദിക്കുക.
ഐ.സി.യുവിൽ കിടക്കുന്ന രോഗികൾക്ക് മാനസികമായി ഉണ്ടാകാവുന്ന ബുദ്ധിമുട്ട്, ഐ.സി.യു ഡെലിറിയം എന്ന അവസ്ഥയെപ്പറ്റി എപ്പോഴും ജാഗരൂകരായിരിക്കുക.
രോഗിയുടെ വിവരങ്ങളും സ്വഭാവപ്രത്യേകതകളും ആഗ്രഹങ്ങളും കൃത്യമായി ഡോക്‌ടറെ അറിയിക്കുക. ചെറിയ വിവരങ്ങൾ പോലും പ്ലാനിംഗിലും രോഗപരിചരണത്തിലും ഗണ്യമായ വ്യത്യാസം വരുത്തും.
ഐ.സി.യു ദിവസങ്ങളിൽ സംഭവിച്ചതെല്ലാം ഒരു ഡയറിയിൽ രേഖപ്പെടുത്തിയാൽ ഓർമ്മ തിരിച്ചുവരുമ്പോൾ രോഗാവസ്ഥയുടെ തീവ്രത മനസ്സിലാക്കാനും അതിനോട് പൊരുത്തപ്പെടാനും രോഗിയെ അത് വളരെയധികം സഹായിക്കും.
ഐ.സി.യുവിൽ ദിവസങ്ങളോളം കിടന്ന രോഗിക്ക് റൂമിലും തുടർന്ന വീട്ടിലും മാനസികവും ശാരീരികവുമായ പല ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കേണ്ടി വരാം. ഓർമ്മക്കുറവ്, ഉറക്കമില്ലായ്‌മ, ഡിപ്രഷൻ, വിഭ്രാന്തി, വിശപ്പില്ലായ്‌മ ഇവയെല്ലാം സാധാരണമാണ്. ഇതിനെക്കുറിച്ചെല്ലാം മനസ്സിലാക്കുകയും ദീർഘമായ തുടർചികിത്സ പ്ലാൻ ചെയ്യുകയും ഡിസ്‌ചാർജ്ജിന് മുമ്പ് ആവശ്യമാണ്.
എഴുത്ത് :
ഡോ.ജോജോകുര്യൻ ജോൺ
എം.ഡി (ജനറൽ മെഡിസിൻ), ഡിഎൻബി (ജനറൽ മെഡിസിൻ)
ഡിഎം(ക്രിട്ടിക്കൽ കെയർ)
കൺസൾട്ടന്റ് ഇന്റൻസിവിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ
കൊച്ചി