×
ഭയക്കേണ്ടതില്ല അപസ്മാരം


പ്രായഭേദമന്യേ എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ് അപസ്മാരം. രോഗം ബാധിച്ചവരെ മാത്രമല്ല, കണ്ടുനിൽക്കുന്നവരെ പോലും ഭയപ്പെടുത്തുന്ന ഒരു രോഗം. എന്നാൽ, ഭയക്കേണ്ടുന്ന ഒന്നല്ല അപസ്മാരം. കൃത്യമായ മരുന്നും ചിട്ടയും കൊണ്ടുതന്നെ 70 ശതമാനം രോഗികൾക്കും മാറ്റിയെടുക്കാവുന്ന രോഗമാണിത്. ബാക്കിയുള്ള 30 ശതമാനത്തിന് അനുയോജ്യമായ ശസ്ത്രക്രിയകളും മറ്റു ചികിത്സാരീതികളും ഇന്ന് ലഭ്യമാണ്. രോഗിയെ പോലെ തന്നെ പരിപാലിക്കുന്നവരും ഈ രോഗത്തെ കുറിച്ച് അവബോധം വള‌ർത്തേണ്ടത് അത്യാവശ്യമാണ്.


കാരണം

മാനസിക രോഗമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന അപസ്മാരം യഥാ‌ർത്ഥത്തിൽ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ്. പ്രായ, ലിംഗ ഭേദമന്യേ എല്ലാവരെയും ബാധിക്കാവുന്ന അപസ്മാരം, രോഗം എന്നതിനേക്കാൾ രോഗിയുടെ വ്യക്തിബന്ധങ്ങൾ, തൊഴിൽ, സാമ്പത്തികം എന്നിങ്ങനെ പലതിനെയും ബാധിച്ചേക്കാം. കാലക്രമേണ നിരാശ,വിഷാദം എന്നിവയിലേക്കൊക്കെ ഇത് രോഗിയെ നയിച്ചേക്കാം. കാലമെത്തും മുമ്പെയുള്ള പിറവി, ജനനസമയത്തെ കുറഞ്ഞ ഭാരം, ജനനസമയത്തെ ഓക്സിജൻ അല്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, തലച്ചോറിലെ ഘടനാപരമായ വൈകല്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ ചെറുപ്പത്തിൽ അപസ്മാരം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മെനിഞ്ചൈറ്റിസ്, സെറിബ്രൽ പാൾസി, വളർച്ചാ വൈകല്യങ്ങൾ, ഓട്ടിസം, അപസ്മാരമുള്ള കുടുംബചരിത്രം തുടങ്ങിയവ അപകടസാധ്യത കൂടുതലാക്കുന്ന ഘടകങ്ങളാണ്. സ്ട്രോക്ക്, ബ്രെയിൻ ട്യൂമർ, അവസാന ഘട്ട ഡിമെൻഷ്യ തുടങ്ങിയ അവസ്ഥകൾ വാർദ്ധക്യത്തിൽ അപസ്മാരത്തിന് കാരണമാകും. നിലവിൽ പ്രായമായവരിൽ അപസ്മാരം വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.


ലക്ഷണം

മിനിട്ടുകളോ സെക്കന്റുകളോ മാത്രം നീണ്ടുനിൽക്കുന്നതാണ് ഫിറ്റ്സ്, ചുഴലി, എന്നൊക്കെ അറിയപ്പെടുന്ന അപസ്മാരം അഥവാ എപിലപ്സി. ഓരോ ഫിറ്റ്സിന് ശേഷവും രോഗി പൂർണ്ണ ആരോഗ്യവാനായി തിരികെയെത്താറുണ്ട് പലപ്പോഴും. എന്നാൽ, എപ്പോൾ, എവിടെ വച്ച് വരും എന്ന് പ്രവചിക്കാനാവാത്തതാണ് അപസ്മാരത്തെ ആളുകൾ ഭയപ്പെടുന്നതിന്റെ പ്രധാനകാരണം. പലപ്പോഴും രോഗം വന്ന് തെറിച്ചുവീഴുമ്പോഴാണ് രോഗിക്ക് അപകടം പറ്റുന്നത്. ബോധം നഷ്ടപ്പെടുക, കൈകാലുകൾ വിറയ്ക്കുക, വീഴുക, വായിൽ നിന്ന് നുര വരിക, മലവിസർജ്ജനം, മൂത്രാശയ നിയന്ത്രണം നഷ്ടപ്പെടുക എന്നിവ സാധാരണ ലക്ഷണങ്ങളാണ്. എപ്പോഴും കോച്ചിവലിവുള്ള ചലനങ്ങൾ പ്രകടമാക്കണമെന്നില്ല. സംസാരത്തിലെ പെട്ടെന്നുള്ള തടസ്സം, ശൂന്യമായ നോട്ടം, പെട്ടെന്നുള്ള കണ്ണുചിമ്മൽ, ആശയക്കുഴപ്പം, വിശദീകരിക്കാനാകാത്ത ഭയം, കാഴ്ച ഭ്രമം എന്നിവയും രോഗി ലക്ഷണങ്ങളായി കാട്ടാറുണ്ട്. അപസ്മാരം തന്നെ പലവിധമുണ്ട്. കണ്ടുനിൽക്കുന്നവർ നൽകുന്ന വിശദീകരണങ്ങളിൽ നിന്നാണ് പ്രധാനമായും ഡോക്ടർ എന്തുതരം അപസ്മാരമാണെന്ന് തിരിച്ചറിയുന്നത്. എം.ആർ.ഐ, ഇ.ഇ.ജി പരിശോധനകളും വീഡിയോ റെക്കാർഡിംഗ് പരിശോധനകളും അപസ്മാരം കണ്ടെത്താനായി ഉപയോഗിക്കുന്നു. തലച്ചോറിലെ സൂക്ഷ്മമായ അസ്വഭാവികതകൾ പോലും തിരിച്ചറിയാൻ ഉപകരിക്കുന്ന കമ്പ്യൂട്ടേഷണൽ ടൂളുകൾക്ക് പുറമെ രോഗം കണ്ടെത്താൻ ആർട്ടിഫിഷൽ ഇന്റലിജന്റ്സിന്റെ സഹാവും മെഡിക്കൽ ലോകത്ത് ഇന്നുണ്ട്. അപസ്മാരത്തിനുള്ള സ്ക്രീനിംഗ് നടത്തുന്നത് അപകടസാധ്യതാ ഘടകങ്ങൾ തിരിച്ചറിയുന്നതിനും നേരത്തെ ചികിത്സ നേടുന്നതിനും പ്രതിരോധ നടപടികൾ പ്രാപ്തമാക്കുന്നതിനും സഹായിക്കും. കൃത്യമായ ആരോഗ്യസംരക്ഷണം, ശ്രദ്ധാപൂർവ്വമായ പ്രസവശുശ്രൂഷകൾ, അത്യാവശ്യമായ വാക്സിനേഷൻ പ്രോട്ടോകോളുകൾ എന്നിവ ഇതിലുൾപ്പെടുന്നു. മയക്കുമരുന്ന്, മദ്യം തുടങ്ങിയവ ഒഴിവാക്കുന്നതും അപസ്മാരം തടയാൻ സഹായകരമാണ്.


ചികിത്സ

70 മുതൽ75 ശതമാനം രോഗികളും മരുന്നുകളോട് നന്നായി പ്രതികരിക്കാറുണ്ട്. മുമ്പ് നാലോ അഞ്ചോ മരുന്നുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 25ൽ പരം മരുന്നുകൾ ഉണ്ട്. അപസ്മാരത്തിന്റെ തരം, പ്രായം, ലിംഗഭേദം, രോഗിയുടെ തൊഴിൽ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് മരുന്നുകൾക്ക് ഭേദഗതിവരുത്തുന്നത്. ശേഷിക്കുന്ന 30 ശതമാനം പേർക്ക്, ശസ്ത്രക്രിയ തിരഞ്ഞെടുക്കാവുന്നതാണ്. തല തുറന്നിട്ടുള്ള ശസ്ത്രക്രിയ മാത്രമല്ല, ലേസർ സർജറിയും നിലവിലുണ്ട്. മാത്രവുമല്ല, പേസ്മേക്കർ പോലെ ബ്രെയിനിൽ ഇലക്ട്രോഡുകൾ നിക്ഷേപിച്ച് ശരീരത്തിന്റെ മറ്റുഭാഗത്ത് നിന്ന് അതിനെ നിയന്ത്രിക്കുന്ന ചികിത്സാരീതിയുമുണ്ട്.


തയ്യാറാക്കിയത്: 

ഡോ.സിബി ഗോപിനാഥ്

ന്യൂറോളജി പ്രൊഫസർ

അമൃത ആശുപത്രി, കൊച്ചി.